കുമരകം : കുമരകത്ത് സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്ക്. മൂന്നു ബി.ജെ.പി പ്രവർത്തകർക്കും, രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരായ ആശാരിമറ്റം കോളനിയിൽ സജേഷ്, ഷഹിൻ കുമാർ, മനോജ് ലാൽ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശരത്ത്, ആരോമൽ എന്നിവരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു വീടുകളും വാഹനവും കല്ലെറിഞ്ഞ് തകർത്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ചക്രംപടിക്ക് സമീപത്ത് വച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്നു വീടുകൾക്കു നേരെ ആക്രമണം ഉണ്ടായി. അൻപതോളം വരുന്ന സംഘമാണ് വീടുകൾക്കു നേരെ ആക്രമണം നടത്തിയതെന്നാണ് പരാതി. വീടിനു മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ പോലും ആക്രമിച്ചതായും പരാതിയുണ്ട്. വീടിന്റെ മുൻവശത്തെ വാതിലിന് സമീപത്ത് രക്തം പുരണ്ട കൈപ്പത്തി പതിപ്പിച്ചെന്നും വീട്ടുടമകൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വീട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസിനെ കണ്ട് ആക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശരത്ത്, ആരോമൽ, അഖിൽ എന്നിവർക്കും, കണ്ടാലറിയാവുന്ന ഏഴു പേർക്കും, ബി.ജെ.പി. പ്രവർത്തകരായ വിഷ്ണു നാരായണൻ , ഷഹിൻ കുമാർ, ബിജു, അഭിലാഷ് ശ്രീനിവാസൻ, ഷാജിക എന്നിർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അക്രമത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്ന് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ ഷിബു പാപ്പച്ചൻ പറഞ്ഞു. ബസ് കണ്ടക്ടറായ വിഷ്ണുനാരായണൻ ബസ്സിൽ ടിക്കറ്റ് നൽകിയത് സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണങ്ങളിൽ കാലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുമരകത്ത് പാർട്ടിയുടെ കോട്ട തകരുന്നതിൽ വിളരിപൂണ്ട സി.പി.എം വ്യാപക ആക്രമണം നടത്തുകയാണെന്നും ചോരപുരണ്ട കൈപ്പത്തി ഭിത്തിയിൽ പതിപ്പിച്ച് കണ്ണൂർ മോഡൽ കൊലവിളി നടത്തിയ സി.പി.എം പ്രവർത്തകരെ പാർട്ടിയും അധികാരികളും നിലയ്ക്ക് നിറുത്തണമെന്നും എൻ. ഹരി പറഞ്ഞു. ഏറ്റുമാനൂർ രാധാകൃഷ്ണൻ വീടുകൾ സന്ദർശിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കുമരകത്ത് ഡി.വൈ.എഫ്.ഐ ശനിയാഴ്ച വൈകീട്ട് പ്രതിഷേധപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ശരത്തിന്റെ വീട്ടിൽ പോയി മടങ്ങിയ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതാണ് പ്രതിഷേധത്തിന് കാരണം. പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ടാണ് ഇവർ ആക്രമണം അഴിച്ചുവിട്ടതെന്ന ബ്ലോക്ക് സെക്രട്ടറി എസ്.ബിനോയി പറഞ്ഞു.