ചങ്ങനാശേരി: കുടിവെള്ള ക്ഷാമം മേഖലയിൽ രൂക്ഷമാകുന്നതായി താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും താലൂക്ക് സഭ അംഗങ്ങളും ഒന്നടങ്കം കുടിവെള്ള ക്ഷാമത്തെക്കുറിച്ചാണ് പരാതി ഉന്നയിച്ചത്. മാടപ്പള്ളി പഞ്ചായത്തിലെ 15,16,17,18 വാർഡുകളിൽ നാല് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നു. വേനൽ രൂക്ഷമായ സാഹചര്യത്തിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ വാട്ടർ അതോറിട്ടി ഓഫീസിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ എത്താതിരുന്നത് പ്രതിഷേധമുളവാക്കി. നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശം, സെൻട്രൽ ജംഗ്ഷൻ, പെരുന്ന എന്നിവിടങ്ങളിൽ നടപ്പാതകളിലെ ടൈലുകൾ അപകടഭീഷണി ഉയർത്തി ഇളകി കിടക്കുകയാണെന്നും പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ചങ്ങനാശേരി റവന്യൂ ടവർ പരിസരം വൃത്തിയാക്കണമെന്നും പാർക്കിംഗ് സ്ഥലത്ത് മോട്ടോർ വെഹിക്കിൾ വിഭാഗം പിടിച്ചെടുത്ത പഴയ വാഹനങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന് നടപടിയുണ്ടാകണമെന്നും ആവശ്യമുയർന്നു. കുരിശുംമൂട് ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്കും വാഴൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ലൈറ്റുകളും തെളിയില്ലെന്നും പരാതി ഉയർന്നു. കെ.ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ജിനു പൂന്നൂസ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വികസന സമിതിയോഗത്തിൽ പങ്കെടുത്തു.