കോട്ടയം: കൊറോണപ്പേടിയിൽ ചിക്കൻവില പിടിവിട്ട് താഴേയ്‌ക്ക്. മൊത്ത വില 30 മുതൽ 35 രൂപ വരെയും, ചില്ലറ വിപണിയിലെ വില 64 രൂപയിലേയ്‌ക്കു താഴ്‌ന്നു. കോഴിക്കോട് പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ വില ഇനിയും താഴുമെന്ന് ഉറപ്പാണ്. കോഴി കഴിച്ചാൽ കൊറോണയുണ്ടാകുമെന്ന വ്യാജപ്രചാരണമാണ് ചിക്കൻവിലയെ പിന്നോട്ടടിച്ചത്. ക്രൈസ്‌തവർ നോമ്പിലായതും വിപണിയെ ബാധിച്ചു.

തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേയ്‌ക്ക് ചിക്കൻ കൂടുതലായി എത്തുന്നത്. ഏതാനും ആഴ‌്‌ചകളായി വൻ തോതിലാണ് കോഴി എത്തിയത്. ഇവ വിലകുറച്ച് വാങ്ങി ഇടനിലക്കാർ കൂടുതലായി സ്റ്റോക്ക് ചെയ്‌തു. ഇതോടെയാണ് വില പകുതിയോളം കണ്ടു കുറഞ്ഞത്. തമിഴ്‌നാട്ടിലെ ഫാമുകളിൽ വൻതോതിൽ കോഴി കെട്ടിക്കിടക്കുന്നതും വില കുറവിന് കാരണമായിട്ടുണ്ട്.

ഒരാഴ്ച മുമ്പുവരെ 82 രൂപയായിരുന്നു ഇറച്ചിക്കോഴിയുടെ വില. ഇന്നലെ 64 രൂപയായി. ഈ വിലയ്ക്കു വിറ്റാൻ 20 രൂപ വരെ നഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു.

കോഴിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത് കോയമ്പത്തൂരിലെ പല്ലടയിൽ നിന്ന്

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾക്ക് നൽകേണ്ടത് നാലു രൂപ

വിലയിടിഞ്ഞതോടെ കേരളത്തിലെ കർഷകർ കുഞ്ഞുങ്ങളെ വാങ്ങാതായി.

ഉത്പാദനം നിർത്തുമെന്ന് തമിഴ്നാട് ബ്രോയിലർ കോ- ഒാർഡിനേഷൻ കമ്മിറ്റി

ചിക്കൻ ഫ്രൈയുടെ വില കുറച്ചില്ല

ഒരു കിലോ ചിക്കന് 66 രൂപയായിട്ടും ചിക്കൻ ഫ്രൈയുടെ വില കുറയ്‌ക്കാതെ ഹോട്ടലുകാരും തട്ടുകടക്കാരും. രണ്ടു ചിക്കൻ പീസ് അടങ്ങിയ ഒരു പ്ളേറ്റിന് 80 മുതൽ 120 രൂപ വരെയാണ് ഹോട്ടലുകാരും തട്ടുകടക്കാരും ഈടാക്കുന്നത്.

കിലോ 64 രൂപ


വിലയിടിവു തുടർന്നാൽ ഉത്പാദന ചെലവ് പോലും ലഭിക്കാതെ കോഴി കർഷകർ വൻ നഷ്ടത്തിലാകും. കർഷകർ കടുത്ത പ്രതിസന്ധിയിലേയ്‌ക്കാണ് നീങ്ങുന്നത്.

- മയ്‌തീൻ പിച്ച റാവുത്തർ, സംസ്ഥാന പ്രസിഡന്റ്

പോൾട്രീ ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷൻ