കോട്ടയം: വനിതാ ദിനത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ ഭരിച്ച് വനിതകൾ. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല ഇന്നലെ വനിതകൾക്കായിരുന്നു. സ്റ്റേഷൻ ചാർജും ജിഡിയും അടക്കമുള്ള ചുമതലകൾ വനിതകൾ ഏറ്റെടുത്തു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് വനിതാ ഭരണം വിലയിരുത്തി. മുൻ വർഷങ്ങളിലും സമാന രീതിയിൽ പൊലീസ് സ്റ്റേഷനുകളുടെ ഭരണം വനിതകൾക്കു കൈമാറിയിരുന്നു. ജില്ലയിൽ ഇന്നലെ ഉണ്ടായ ക്രൈം കേസുകൾ അടക്കമുള്ളവ പരിശോധിച്ചതും നടപടി സ്വീകരിച്ചതും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. വനിതാ ദിനത്തിൽ ജില്ലയിലെ മുന്നൂറോളം വനിത പൊലീസ് ഉദ്യോഗസ്ഥരാണ് ചുമതലകൾ ഏറ്റെടുത്തത്. വനിതാ എസ്.ഐമാരുള്ള സ്റ്റേഷനുകളിൽ ഇവരായിരുന്നു സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്നത്. ഇവർ ഇല്ലാത്ത സ്ഥലങ്ങളിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ ചുമതല ഏറ്റെടുത്തു.