കോട്ടയത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ അടിക്കടി മോഷണം വർദ്ധിക്കുമ്പോൾ ഇവിടുത്തെ സുരക്ഷാജീവനക്കാർ എന്തിനാണ് ?രാത്രി ഉറങ്ങാതിരിക്കേണ്ടവർക്ക് എന്താണ് മറ്റു ജോലിയെന്ന് ചോദിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.
വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന് പിറകേ കോട്ടയം നഗരമദ്ധ്യത്തിൽ തിരുനക്കര ക്ഷേത്രത്തിലും മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല . തിരുനക്കരയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തു നിന്ന് പൂട്ടി അരമണിക്കൂറോളം മോഷ്ടാവ് ക്ഷേത്ര വളപ്പിൽ വിലസി നാല് കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷണം നടത്തിയിട്ടും സുഖനിദ്രയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അറിഞ്ഞില്ല. പുലർച്ചെ മറ്റു ക്ഷേത്രജീവനക്കാരെത്തി വിളിച്ചുണർത്തിയപ്പോഴാണത്രേ സെക്യൂരിറ്റിക്കാരൻ സംഭവം അറിഞ്ഞത് തന്നെ. ഇങ്ങനെ ഉറങ്ങാൻ മാത്രം എന്തിനാണ് മാന്യമായ ശമ്പളം കൊടുത്തു ദേവസ്വം ബോർഡ് ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചതെന്ന് നികുതി പ്പണം അടക്കുന്ന നാട്ടുകാർ എങ്ങനെ ചോദിക്കാതിരിക്കും?
തിരുനക്കര ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് കോട്ടയത്തെ പ്രധാന ക്ഷേത്രങ്ങളിലെ സ്വർണത്തിടമ്പും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും സൂക്ഷിക്കുന്നത്. സെക്യൂരിറ്റിയുടെ മുറി പുറത്തു നിന്ന് പൂട്ടാതെ മോഷ്ടാവ് ഉള്ളിൽ കടന്ന് സ്ട്രോംഗ് റൂമിലുള്ളവ മോഷ്ടിച്ചാലും ജീവനക്കാൻ അറിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
എന്തു മോഷണം പോയെന്ന് ചോദിച്ചാൽ അയ്യായിരം രൂപയിൽ കൂടുതൽ പോയിട്ടില്ലെന്നാണ് ദേവസ്വം അധികൃതർ പറയുന്നത് .ശിവരാത്രിക്കു ശേഷം ഭണ്ഡാരപ്പെട്ടി പൊട്ടിച്ചിട്ടില്ലെന്നും അധികൃതർ അവകാശപ്പെടുമ്പോൾ നാല് ഭണ്‌ഡാരപ്പെട്ടിയിൽ ആകെ അയ്യായിരത്തിൽ താഴെ രൂപയേഉള്ളുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
നേരത്തേ രാത്രി ഓരോ മണിക്കൂർ ഇടവിട്ട് സെക്യൂരിറ്റി ജീവനക്കാരൻ ക്ഷേത്ര മണി മുഴക്കിയിരുന്നു. നൈറ്റ് പൊലീസുകാരും ഓരോ മണിക്കൂർ ഇടവിട്ട് വടക്കേ നടയിലെ ക്ഷേത്ര ഗോപുര വാതിൽ തുറപ്പിച്ച് ബുക്കിൽ ഒപ്പിടുമായിരുന്നു. ഇതു കാരണം സെക്യൂരിറ്റിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് മോഷണവും നടന്നിരുന്നില്ല. ഈ പതിവ് തെറ്റിച്ചതാണ് മോഷ്ടാവ് കയറാൻ കാരണം. മോഷണത്തിന് ശേഷം മണിയടിയും പൊലീസിന്റെ രാത്രി പരിശോധനയും ആരംഭിക്കാനാണ് തീരുമാനം. നേരത്തേ നടന്നു വന്ന മണിയടിയും പൊലീസ് പരിശോധനയും ആരാണ് നിറുത്തിയത്. ആര് പറഞ്ഞിട്ടാണ് നിറുത്തിയതെന്ന് ചോദിക്കുകയാണ് വിശ്വാസികൾ. വടക്കേ നട വഴിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. തലേന്ന് തന്നെ ക്ഷേത്ര ഗോപുരത്തിനുള്ളിൽ കയറിയിരുന്നോ എന്ന സംശയവും ഇപ്പോൾ നാട്ടുകാർക്കുണ്ട്. ക്ഷേത്ര വളപ്പിലെ സി.സി ടി.വിയിൽ മങ്കിക്യാപ്പ് ധരിച്ച മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞുവെങ്കിൽ മോഷണത്തിന് ശേഷം പുറത്തിറങ്ങി മങ്കിക്യാപ്പ് മാറ്റിയതോടെ പുറത്ത് റസിഡൻസ് അസോസിയേഷനുകളുടെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ പൂർണ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
നേരത്തേ രണ്ട് സെക്യൂരിറ്റി ജീവനക്കാർ തിരുനക്കരയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അതിപ്പോൾ ഒന്നാക്കി . സെക്യൂരിറ്റി ജീവനക്കാർക്ക് മറ്റു ക്ഷേത്രങ്ങളിലും പകരം ഡ്യൂട്ടിയുള്ളതാണ് ആള് കുറയാൻ കാരണമായി പറയുന്നത്. രാത്രി ഡ്യൂട്ടിക്ക് രണ്ട് പേർ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രണ്ട് പേരും ഉറങ്ങില്ലെന്ന് ആശ്വസിക്കാം. പണ്ട് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നപ്പോൾ 'ഭഗവാനെന്തിനാണ് പാറാവെന്ന് 'അന്നത്തെ മുഖ്യമന്ത്രി നായനാർ ചോദിച്ചത് വിവാദമായിരുന്നു. ദൈവങ്ങളെ പോലും അടിച്ചു മാറ്റാൻ പലരും മത്സരിക്കുന്ന കലികാലത്ത് ക്ഷേത്ര മുതൽ സംരക്ഷിക്കാൻ കൂടുതൽ പാറാവ് വേണ്ടിയിരിക്കുന്നുവെന്നാണ് ക്ഷേത്രങ്ങളിലെ തുടർ മോഷണങ്ങൾ തെളിയിക്കുന്നത്...