ചങ്ങനാശേരി: ജനസ്രോതസുകളെല്ലാം വറ്റിവരണ്ടതോടെ ജില്ലയിലെ പല പ്രദേശത്തും കുടിവെള്ളക്ഷാമം രൂക്ഷമായി. പലർക്കും ആശ്രയമായിരുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ കണക്ഷനിൽ നിന്നുള്ള വെള്ളം ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. കടുത്തവേനലിനെ നേരിടാൻ പഞ്ചായത്ത്, നഗരസഭ തലത്തിൽ ആവിഷ്കരിച്ച പദ്ധതികളും വിഫലമായി. ഗ്രാമ, നഗര വ്യത്യാസമില്ലാതെ നാട് അഭിമുഖീകരിക്കുന്നത് കടുത്ത വരൾച്ച. അതുകൊണ്ട് പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് പൊതുജനം. പലയിടങ്ങളിലും വിവിധ നിരക്കിലുള്ള തുകയാണ് കുടിവെള്ള വിതരണക്കാർ ഈടാക്കുന്നത്. 500 രൂപ മുതലാണ് ഈടാക്കുന്നത്. ചെറിയ മിനി ലോറികൾ, ഓട്ടോകൾ മുതൽ വലിയ ലോറികളിൽ വരെയാണ് ടാങ്കുകൾ ഘടിപ്പിച്ച് വെള്ളം വില്ക്കുന്നത്. വാഹനം എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ കൂടുതൽ തുക നൽകേണ്ടി വരും. എന്നാൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയെ സംബന്ധിച്ച് ആശങ്കകളും ഉയരുന്നുണ്ട്.
ജലക്ഷാമം രൂക്ഷം: പൈപ്പ് പൊട്ടൽ പതിവ്
പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം പാഴാകുന്ന സംഭവങ്ങളും വർദ്ധിക്കുകയാണ്. മണർകാട്, തലപ്പാടി, വാകത്താനം, തൃക്കൊടിത്താനം, പെരുന്ന, കോട്ടയം ടൗൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ലിറ്റർ കണക്കിനു ശുദ്ധജലം റോഡിലൂടെ പാഴായി ഒഴുകുന്നത് പതിവുകാഴ്ചയാണ്. പരാതിപ്പെട്ടാലും അധികൃതർ ഉടനടി നടപടി സ്വീകരിക്കാറുമില്ല. കഴിഞ്ഞ ദിവസം ചങ്ങനാശേരി കവിയൂർ ബൈപ്പാസ് റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം ലിറ്ററിനു കണക്കിനു റോഡിലൂടെ ഒഴുകിയിരുന്നു. സമീപത്തുള്ള വീടുകളിലേക്ക് വെള്ളം ഗേറ്റ് കടന്നു ഒഴുകി എത്തുകയും കാർപോർച്ചും മുറ്റവും വെള്ളത്തിൽ മുങ്ങിയ സ്ഥിതിയുമായിരുന്നു. റോഡിലും വലിയ വെള്ളക്കെട്ടും റോഡ് പൊട്ടി കുഴിരൂപപ്പെടുകയും ചെയ്തു. പരാതികൾ വ്യാപകമായ പശ്ചാത്തലത്തിൽ ഇന്നലെ ബൈപ്പാസ് റോഡിലെ പൊട്ടിയ പൈപ്പ് നീക്കം ചെയ്യുകയും റോഡിലെ കുഴി നികത്തുകയും ചെയ്തു. റോഡിൽ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടയും പുനക്രമീകരിച്ചു.