കോട്ടയം : മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വലിയ ഉത്തരവാദിത്തം ആണെന്ന് തോമസ് ചാഴികാടൻ എം. പി. മനുഷ്യൻ നേരിടുന്ന വെല്ലുവിളികളെ ശാസ്ത്രീയമായും പ്രൊഫെഷണലായും സമീപിച്ചെങ്കിൽ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെയും ആസ്‌കിന്റെയും വനിതാ - ശിശു വികസന വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണവും വനിതാ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. യുകെ യിലെ ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. ക്യാപ്‌സ് വർക്കിംഗ് പ്രസിഡന്റ് ഡോ.ജോസഫ് സെബാസ്റ്റ്യൻ സോഷ്യൽ വർക്ക് ദിന സന്ദേശവും ഐ. സി. ഡി. എസ് പ്രോഗ്രാം ഓഫീസർ ആശാമോൾ കെ. വി വനിതാ ദിന സന്ദേശവും നൽകി. ക്യാപ്‌സ് ട്രഷറർ എം. ബി ദിലീപ്കുമാർ ദിനാചരണ പ്രതിജ്ഞയും ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ കൊറോണ ബോധവത്കരണ സന്ദേശവും നൽകി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. പി ചന്ദ്രബോസ് ക്യാപ്‌സ് ഭാരവാഹികളായ ഡോ. ഐപ്പ് വർഗീസ്, സജോ ജോയി, ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, സിസ്റ്റർ ശാലിനി സി. എം. സി, പ്രശാന്ത് എസ്, എലിസബത്ത് അലക്‌സാണ്ടർ എന്നിവർ ദിനാചരണ സന്ദേശവും നൽകി. മെന്റൽ ഹെൽത്ത് ഫോർ പ്രൊഫെഷണൽസ് എന്ന വിഷയത്തിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോസഫ് സെബാസ്റ്റ്യനും, പ്രളയ പുനരധിവാസ മേഖലയിലെ പ്രൊഫഷണൽ ഇടപെടലുകൾ എന്ന വിഷയത്തിൽ വേൾഡ് വിഷൻ ഇന്ത്യ പ്രോഗ്രാം മാനേജർ ജോയി മാത്യുവും, പഠനവൈകല്യങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ ജീവ കൗൺസിലിംഗ് സെന്റർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ അഞ്ജിതയും സെമിനാർ നയിച്ചു. പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിലെ നിർണായക ഇടപെടലുകൾക്ക് ഡോ. ചെറിയാൻ പി കുര്യൻ, ബിനോയ് കട്ടയിൽ ജോർജ്, മീര ഹരികൃഷ്ണൻ എന്നിവർക്കും, അക്കാദമിക് മേഖലയിലെ മികവിന് ആഷില ആൻ മാത്യു, മുഹമ്മദ് ഷാലിഖ് എൻ, ടീന ജോസഫ് എന്നിവരും പുരസ്‌കാരത്തിന് അർഹരായി. പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിലെ ഇടപെടലുകൾ എന്ന വിഷയത്തിൽ എട്ട് സോഷ്യൽ വർക്ക് ഡിപ്പാർട്‌മെന്റിലെ വിദ്യാർത്ഥികൾ വിഷയാവതരണം നടത്തി.കളക്ടറേറ്റിൽ നിന്നും തിരുനക്കരയിലേക്ക് നടത്തിയ ബോധവത്കരണ സന്ദേശ യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഫ്ലാഗ് ഒഫ് ചെയ്‌തു. തിരുനക്കരയിൽ നടന്ന സമാപന പരിപാടികളിൽ തഹസീൽദാർ പി. ജി. രാജേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.