ചങ്ങനാശേരി: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ കീഴിൽ കോട്ടയം ജില്ലാ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ ശാരീരിക വൈകല്യമുള്ളവർക്കായി ചങ്ങനാശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ജില്ലാ പാരലിമ്പിക് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മത്സരം നടത്തി. പത്തോളം കായികതാരങ്ങൾ പങ്കെടുത്ത ട്രയൽ ജില്ലാ സെക്രട്ടറി എ സനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഉക്കാശ് ഉസ്മാൻ സെക്ഷൻ ട്രയൽ കോ-ഓർഡിനേറ്റ് ചെയ്തു. കോട്ടയം, ഇടുക്കി ജില്ലയിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുത്തത്. 100,200, 400, 800, 1500 മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ജാവലിൻ, ഡിസ്‌ക്, ലോങ്ങ് ജംമ്പ് എന്നിവയായിരുന്നു മത്സര ഇനങ്ങൾ. ഓർത്തോപീഡിക്, ബ്ലൈൻഡ്, ഡാർഫ്, പാരാപ്ലിജിക്, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിലുള്ള നാല്പത് ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള മത്സരാർത്ഥികളാണ് പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവർക്ക് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്കും എംക്യൂഎസ് നേടുന്നവർക്ക് നാഷണൽ പാരാലിമ്പിക്ക് അത്‌ലറ്റിക്‌സിൽ പങ്കെടുക്കാം. 14,15 തീയതികളിൽ പാലക്കാട് നടക്കുന്ന സ്റ്റേറ്റ് മീറ്റിലേക്കുള്ള സെക്ഷൻ ട്രയലിൽ 200, 400 മീറ്റർ റെയ്‌സിൽ അനീഷ്, 100 മീറ്റർ റെയ്‌സിൽ ഷാജി ജോസഫ്, ഡിസ്‌ക് ത്രോ, ജാവലിൻ ത്രോ ഇനത്തിൽ സജിമോൻ, ഷോർട്ട്പുട്ട് ഇനത്തിൽ അലെൻ ജോസ് എന്നിവർ യോഗ്യത നേടി.