വൈക്കം: സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള നിർദ്ധനരായ വനിതകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയരുമ്പോൾ മാത്രമേ സ്ത്രീ സമത്വവും ശാക്തീകരണവും പ്രയോഗത്തിൽ വരികയുള്ളൂവെന്ന് ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശ്രീ മഹാദേവ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന വിവിധ കർമ്മ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം നഗരസഭയിലുടെ കീഴിലുള്ള ഹരിതസേനയിലെ ഏറ്റവും മുതിർന്ന ശുചീകരണ തൊഴിലാളിയായ എഴുപത് വയസ്സ് പിന്നിട്ട ചന്ദ്രികയെ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജർ ബി. മായ, പ്രിൻസിപ്പൽ സെറ്റിന പി. പൊന്നപ്പൻ എന്നിവർ ചേർന്നാണ് പൊന്നാട അണിയിച്ചത്. വിദ്യാർത്ഥികൾ പുതുവസ്ത്രം സമ്മാനിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എ. അനൂപ്, നിധിൻ, അജിനി, ഗായത്രി തുടങ്ങിയവർ പങ്കെടുത്തു. ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആഭിമുഖ്യത്തിൽ സ്ത്രീയും സാമൂഹിക പുരോഗതിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അദ്ധ്യാപികമാർക്ക് ആദരവ് അർപ്പിച്ചു. വനിതാ രത്‌നം മത്സരം സംഘടിപ്പിച്ചു. വ്യത്യസ്തങ്ങളായ കലാപരിപാടികളും നടത്തി. പോൾ മാത്യു, അനില ബോസ്, ഹസീന യൂസഫ് എന്നിവർ നേതൃത്വം നൽകി. ലിന്റൊ, മിഥുൻ, അർജ്ജുൻ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
സാമൂഹിക സേവന വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയുള്ള വനിതാ സ്വയംസംരംഭക സ്ഥാപനമായ എം.എം. പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ചു. ശ്രീദേവിയാണ് വനിതാ സംരംഭക. പ്ലാസ്റ്റിക്കിനെതിരായ പ്രവർത്തനത്തിന്റെ ഭാഗമായി 25 യൂണിറ്റുകളുള്ള ക്ലസ്റ്റർ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാതൃകാ യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്.