അടിമാലി: ആദിവാസി ഗ്രാമമായ കുറത്തിക്കുടിയിൽ നിന്നും മാങ്കുളത്തേക്കുള്ള റോഡ് ഇനിയും ഗതാഗതയോഗ്യമായില്ല. ആദ്യമായി ഇതുവഴി പോകുന്നവർ ഇത് റോഡ് തന്നെയോ എന്ന് ശങ്കിച്ചുപോകും.കുറത്തിക്കുടിയിലെ മുതുവാൻ സമുദായക്കാർ കൂടുതലായി ആശ്രയിക്കുന്ന തൊട്ടടുത്ത ജനവാസമേഖലയാണ് മാങ്കുളം.അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണെങ്കിലും ചികത്സാ സംബന്ധമായ കാര്യങ്ങൾക്കുൾപ്പെടെ ആദിവാസി കുടുംബങ്ങൾ മാങ്കുളത്താണ് എത്തുന്നത്.എന്നാൽ മാങ്കുളം പെരുമൻകുത്തിൽ നിന്നും കുറത്തിക്കുടിയിലേക്കുള്ള റോഡ് തകർന്ന് കിടക്കുന്നത് ആദിവാസി കുടുംബങ്ങൾക്ക് എത്തിപ്പെടാൻ കഴിയുന്നില്ല.നിർദ്ദിഷ്ട മലയോര ഹൈവേയിൽ ഉൾപ്പെട്ട ഭാഗമാണ് കുറത്തി മാങ്കുളം റോഡ്.മലയോര ഹൈവേയുടെ നിർമ്മാണം വൈകുന്തോറും കുറത്തിക്കുടിക്കാരുടെ ദുരിതവും നീളുകയാണ്.അതേ സമയം മലയോര ഹൈവേയുടെ ഭാഗമായ മാമലക്കണ്ടം ഇളംബ്ലാശ്ശേരി മുതൽ കുറത്തിയിലേക്കുള്ള 8 കിലോമീറ്റർ റോഡ് മൂന്ന് മീ റ്റർ വീതിയിൽ വനംവകുപ്പ് നിർമ്മിക്കുന്നുണ്ട്.വനംവകുപ്പിന്റെ ഈ ഇടപെടൽ മലയോര ഹൈവേയുടെ നിർമ്മാണ ജോലികളെ ബാധിക്കുമോയെന്ന ആശങ്ക ഒരു വിഭാഗം മുമ്പോട്ട് വയ്ക്കുന്നു.കഴിഞ്ഞ മഴക്കാലത്തും 2018ലെ പ്രളയകാലത്തും കുറത്തി പെരുമൻകുത്ത് റോഡിൽ ഗതാഗതം തടസ്സപ്പെട്ട് കുറത്തികുടി ഒറ്റപ്പെട്ടുപോയിരുന്നു.മലയോര ഹൈവേയുടെ നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ പെരുമൻകുത്ത് മുതൽ കുറത്തികുടി വരെയുള്ള ഏഴ് കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കി തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് കുറത്തിക്കുടിക്കാർ ആവശ്യമുന്നയിക്കുന്നു.