കോട്ടയം: മാമ്പഴക്കാലമെത്തുകയാണ്. ഇപ്പോൾ വ്യാപമായി അല്ലെങ്കിലും പല വ്യാപാരസ്ഥാപനങ്ങളിൽ മാമ്പഴം ഇടംപിടിച്ചുകഴിഞ്ഞു. ഇനി വരുംദിവസങ്ങളിൽ കാർബൈഡ് വച്ച് പഴുപ്പിച്ച ലോഡ് കണക്കിന് മാമ്പഴം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഒഴുകാൻ തുടങ്ങും. സീസൺ ആരംഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മാങ്ങ കേരളത്തിലേക്ക് കയറ്റി അയച്ചുതുടങ്ങി. സീസൺ കാലമാണെങ്കിലും കേരളത്തിലെ മാവുകൾ ഭൂരിപക്ഷവും പൂത്തിട്ടില്ല. കാലാവസ്ഥ വ്യതിയാനമാണ് വിനയായത്. ഈയൊരു സാഹചര്യത്തിൽ വിഷമാമ്പഴം കൂടുതലായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്താനുള്ള സാധ്യത ഏറുകയാണ്. പലപ്പോഴും കാർബൈഡ് വിതറിയശേഷമാണ് പച്ചമാങ്ങ തമിഴ്നാട്ടിലെ തോട്ടങ്ങളിൽ നിന്നും ലോറിയിൽ കയറ്റുന്നത്. കുറച്ച് ലോഡ് കയറ്റിയശേഷം വീണ്ടും കാർബൈഡ് തുണിയിൽ കിഴികെട്ടി നിക്ഷേപിക്കും. കൂടാതെ എത്തലിൻ പൗഡറും വിതറും. ലോഡ് കേരളത്തിലേക്ക് എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തു തുടങ്ങിയിരിക്കും.

ചീയില്ല, കൈപൊള്ളില്ല

കാത്സ്യം കാർബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിച്ചാൽ ചീഞ്ഞ് പോവില്ലെന്ന സവിശേഷതയുണ്ട്. രണ്ടു മാസത്തോളം ചീയാതെ നല്ല കളറിലിരിക്കുമെന്നതിനാൽ കച്ചവടക്കാരുടെ കൈപൊള്ളില്ല. ഇത് അറിയാതെയാണ് രണ്ടും മൂന്നും കിലോ മാന്പഴം വാങ്ങി മലയാളികൾ ചെത്തി തിന്നുന്നത്.

മാവിൻതോട്ടം മൊത്തമായി വിലയ്ക്കെടുത്താണ് തമിഴ്നാട്ടിൽ കച്ചവടം. മാവ് പൂവിടുന്നതോടെ കച്ചവടക്കാർ വില ഉറപ്പിക്കും. തുടർന്ന് തോട്ടത്തിന് കാവൽ ഏർപ്പെടുത്തും. മുക്കാൽ മൂപ്പ് എത്തുന്നതോടെ മാങ്ങ പറിച്ചുതുടങ്ങും. ഇതാണ് പതിവ്. കേരളത്തിൽ നിന്നുള്ള വൻകിട പഴ കച്ചവടക്കാരാണ് തമിഴ്നാട്ടിലെത്തി അഡ്വാൻസ് നല്കി തോട്ടം സ്വന്തമാക്കുന്നത്. ദിണ്ഡുകൽ, പഴനി, ആയക്കുടി, ബാലസമുദ്രം, കൊടൈക്കനാൽ റോഡ്, അമരാവതി, കല്ലാപുരം എന്നീ പ്രദേശങ്ങളിൽ ഏക്കറുകണക്കിന് മാവിൻ തോട്ടങ്ങളാണുള്ളത്. മാവിന് വലിയ പൊക്കം വയ്ക്കില്ലെന്നത് ഒരു പ്രത്യേകതയാണ്. അതിനാൽ മാങ്ങ പറിച്ചെടുക്കാനും വിഷമമില്ല. നിലത്തുനിന്നുകൊണ്ടുതന്നെ മാങ്ങ പറിച്ചെടുക്കാനും കഴിയും.

തിരിച്ചറിയാം വേഗത്തിൽ

മാമ്പഴം ഒരു ബക്കറ്റിലെ വെള്ളത്തിലിടുക. അത് വെള്ളത്തിൽ താഴ്ന്ന് കിടന്നാൽ അത് വിഷാംശം ചേരാത്ത മാമ്പഴമാണ്. പൊങ്ങിക്കിടന്നാൽ അത് കാർബൈഡ് വച്ച് പഴുപ്പിച്ചതാണെന്ന് മനസിലാക്കാം. കാർബൈഡ് ഇടുന്നതോടെ മാങ്ങയിലുള്ള ജലാംശം വലിച്ചെടുക്കുന്നതിനാലാണ് മാങ്ങ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്.

മഞ്ഞനിറത്തിലുള്ള മാമ്പഴത്തിന്റെ തൊലിയോടു ചേർന്ന് തീപ്പെട്ടിക്കൊള്ളി ഉരയ്ക്കുക. ആളികത്തിയാൽ അതിൽ എത്തിലീൻ എന്ന മാരകവിഷം അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം. എത്തിലീൻ, കാത്സ്യം കാർബൈഡ് എന്നിവ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം കഴിച്ചാൽ വയറിളക്കം ഉണ്ടാകാം. കൂടാതെ തലവേദനയും തലകറക്കവും ഉണ്ടാകാം. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ഈ വിഷം തകർക്കുകയും ചെയ്യും.