വില കുത്തനെ വർദ്ധിപ്പിച്ച് മെഡിക്കൽ ഷോപ്പുകൾ

കോട്ടയം : കൊറോണ പത്തനംതിട്ടയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ, ജില്ലയിലും മാസ്കിന് ക്ഷാമം. സ്ഥിതി കണക്കിലെടുത്ത് പത്ത് ഇരട്ടിയോളം വിലയീടാക്കുന്ന മെഡിക്കൽ സ്റ്റോറുകാരുമുണ്ട്. മുമ്പ് 2 രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്കിന് ഞായറാഴ്ച മുതൽ 20 രൂപ വരെയായി. എന്നാൽ, ഇന്നലെ കോട്ടയം നഗരത്തിൽ പലയിടങ്ങളിലും മാസ്ക് കിട്ടാനില്ലായിരുന്നു. ആശങ്ക പടർന്നതോടെ, കഴിഞ്ഞ ദിവസങ്ങളിൽ പലരും എത്തി മാസ്ക് കൂട്ടമായി വാങ്ങിക്കൊണ്ടുപോയതാണ് തിരിച്ചടിയായത്.

രോഗം സ്ഥിരീകരിച്ച റാന്നിയിൽ നിന്ന് ചിലർ ഇന്നലെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിൽ മാസ്‌ക് അന്വേഷിച്ച് എത്തിയെങ്കിലും നിരാശരായി. ഹാൻഡ് സാനിറ്റൈസറിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്ക് മെഡിക്കൽ ഷോപ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കൂടുതൽ തുക ഇടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആശുപത്രി, മെഡിക്കൽ ഷോപ്പ് ജീവനക്കാർക്ക് പുറമേ, ബസ് ജീവനക്കാർ, ട്രാഫിക് പൊലീസ്, തിയേറ്റർ ജീവനക്കാർ തുടങ്ങിയർ മാസ്‌ക് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

മൂന്നുതരം മാസ്ക്

ഇരട്ട പാളി (ഡബിൾ ലെയർ) , മൂന്നു പാളി ( ട്രിപ്പിൾ ലെയർ), എൻ – 95 എന്നീ മൂന്നുതരം മാസ്കുകളാണ് വിപണിയിലുള്ളത്. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് എൻ - 95 മാസ്കുകളാണ്. ഇവയ്ക്ക് മൂന്ന് പാളികളുണ്ട്. വായുവിലെ സൂക്ഷ്മകണങ്ങളെ പ്രതിരോധിക്കാൻ കഴിയും.

ക്ഷാമത്തിന് കാരണം

ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മാസ്ക് ക്ഷാമം രൂക്ഷമായി. മാസ്കുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത സാമഗ്രികൾ ഭൂരിഭാഗവും ചൈനയിൽ നിന്നാണ് എത്തിച്ചിരുന്നത്. കൊറോണ പടർന്നുപിടിച്ച വുഹാൻ ആയിരുന്നു പ്രധാന വിപണി.