ചങ്ങനാശേരി: വേനൽമഴ പെയ്തിട്ടും വാഴൂരിന്റെ ദാഹം അകന്നില്ല. കുടിവെള്ളത്തിനായി ഓട്ടം തന്നെ ഓട്ടം. പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. സമീപ പഞ്ചായത്തുകളിലെല്ലാം ജലനിധിയടക്കമുള്ള പദ്ധതികൾ പൂർത്തിയാക്കിയെങ്കിലും വാഴൂരിൽ അതൊന്നും നടപ്പായില്ല. ജലവിതരണ വകുപ്പിന്റെ പൈപ്പുലൈൻ പഞ്ചായത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം കിട്ടാറില്ല. 80 ശതമാനത്തോളം കിണറുകളും തോടുകളും പൂർണമായി വറ്റിയതോടെ ഭൂരിഭാഗം പേരും വെള്ളം വിലകൊടുത്ത് വാങ്ങുകയാണ്.
പാളിപ്പോയ പദ്ധതികൾ
കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി വിവിധ വാർഡുകളിൽ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും ഇതൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2016ൽ ആരംഭിച്ച പനമൂട് എസ്.സി സങ്കേതം കുടിവെള്ള പദ്ധതി ഇന്നും ലക്ഷ്യം കണ്ടിട്ടില്ല. ഇവിടെ ഇരുപതോളം കുടുംബങ്ങളാണുള്ളത്. ഇവിടത്തെ പൊതുകിണർ ആഴംകൂട്ടി സമീപത്ത് 15,000 ലിറ്ററിന്റെ സംഭരണി സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കിണറിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് വ്യക്തിയും പഞ്ചായത്തുമായി കേസ് നിലനിൽക്കുന്നതിനാൽ പദ്ധതി പാതിവഴിയിലായി.
പന്ത്രണ്ടാം വാർഡ് പനന്താനം മിച്ചഭൂമി കോളനിയിലും സമാന സ്ഥിതിയാണ്. നൂറോളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇവിടെ നാമമാത്രമായ കിണറുകളാണ് ഉള്ളത്. ഡിസംബർ കഴിഞ്ഞതോടെ പലതും വറ്റി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കുഴൽ കിണറിൽ വെള്ളമില്ല. പതിനാലാം വാർഡ് കാപ്പുകാട് ജനകീയ സഹകരണത്തോടെ കുടിവെള്ള പദ്ധതി ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അതും ലക്ഷ്യം കണ്ടില്ല.
കുടിവെള്ള കച്ചവടം
സജീവം
പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളകച്ചവടവും സജീവമായി. പിക്ക്അപ്പ് വാനുകളിലും മിനിലോറികളിലുമാണ് കുടിവെള്ളം വില്പന നടത്തുന്നത്. 850 രൂപ മുതലാണ് വെള്ളത്തിന് ഈടാക്കുന്നത്. ദൂരം കൂടുന്നതിനനുസരിച്ച് വിലയും വർദ്ധിക്കും. കുടിവെള്ള വിതരണത്തിന് ലൈസൻസോ, അധികൃതരുടെ അനുമതിയോ ഇല്ല. പാറക്കുളങ്ങളിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് മിക്കയിടത്തും വിതരണം ചെയ്യുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലവിതരണവകുപ്പിന്റെ പമ്പിംഗ് ഊർജിതമാക്കുകയോ കുടിവെള്ള വിതരണം നടത്താൻ പഞ്ചായത്ത് നടപടി സ്വീകരിക്കുകയോ വേണമെന്നതാണ് ജനങ്ങളുടെ ആവശ്യം.