കോട്ടയം : കായൽടൂറിസത്തിന് മേൽ കൊറോണ കരിനിഴൽ വീഴ്ത്തുമെന്ന ഭീതിയിൽ കുമരകം. കഴിഞ്ഞ വർഷം നിപ്പ വൈറസ് പടർന്ന് പിടിച്ചതോടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. ഇത്തവണ കൊറോണയുടെ ആഞ്ഞുവീശൽ എത്രകാലം നീണ്ടു നിൽക്കുമെന്നത് ആശങ്ക പരത്തുന്നതായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. പരീക്ഷകാലം കഴിഞ്ഞാൽ ആഭ്യന്തര ടൂറിസ്റ്റുകളാണ് കുമരകത്തെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ടാക്സികളും നിറച്ച് ബിസിനസ് വർദ്ധിപ്പിക്കാറുള്ളത്. കൊറോണ പ്രചാരണം ഉത്തരേന്ത്യൻ ടൂറിസ്റ്റുകളെ അകറ്റുമോ എന്നാണ് ഭയം. വൻകിട റിസോർട്ടുകളിൽ ഇപ്പോഴും വിദേശികളുണ്ട്. നിലവിലെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായിട്ടില്ല. എന്നാൽ അഡ്വാൻസ് ബുക്കിംഗിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.

പരീക്ഷാക്കാലമായതിനാൽ ഹൗസ് ബോട്ടുകളുടെ ഓട്ടം കുറഞ്ഞു. മദ്ധ്യവേനലവധിക്കാലത്താണ് കൂടുതൽ ഓട്ടം കിട്ടാറുള്ളത്. കൊറോണ നീണ്ടാൽ മദ്ധ്യവേനലവധിക്കാലം ടൂറിസത്തെ ബാധിക്കും. ടാക്സി മേഖലയിലുള്ളവരും ഭീതിയിലാണ്. കൊറോണ ബാധിതരെന്നറിയാതെ സഞ്ചാരികളുമായി കുമരകത്ത് നിന്ന് മൂന്നാറിനോ തേക്കടിക്കോ ഓട്ടം പോയാൽ തങ്ങൾക്കും രോഗം പിടിപെടുമോയെന്ന് ആശങ്കയിലാണ് ഡ്രൈവർമാർ.

ടൂറിസത്തിനേറ്റയടി

കൊറോണ കുമരകം ടൂറിസത്തിന്റെ മുഖത്തേറ്റ അടിയാണ്. എത്രകാലം നീണ്ടു നിൽക്കുമെന്നത് പ്രതിസന്ധിയും നീളാൻ കാരണമാകും. താമസക്കാരുടെ എണ്ണം കുറഞ്ഞാൽ ജീവനക്കാരുടെ എണ്ണവും കുറക്കാൻ റിസോർട്ടുകൾ നിർബന്ധിതരാകും.

സലീം ദാസ്, ചേംബർ ഒഫ് ഹോട്ടൽസ്

കായൽ ടൂറിസം ഇനി എത്രകാലം എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് കൊറോണ ഭീതിയും. ഇപ്പോൾ തന്നെ നഷ്ടത്തിലായ ഹൗസ് ബോട്ട് മേഖലയെ ഇത് ദോഷകരമായി ബധിക്കും.

അനീഷ് കുമാർ,ഹൗസ് ബോട്ട് ഉടമ

നിലവിൽ റിസോർട്ടുകളിലെ ബുക്കിംഗ് കാൻസൽ ആയിട്ടില്ല. വിദേശ ടൂറിസ്റ്റുകൾ ഇപ്പോഴുമുണ്ട്. കൊറോണ നീണ്ടു നിന്നാൽ അഡ്വാൻസ്ഡ് ബുക്കിംഗിനെ ദോഷകരമായി ബാധിച്ചേക്കും.

റിസോർട്ട് ഉടമ