riyaz

കോട്ടയം : കേരളത്തിൽ നിന്ന് കാറുകൾ വാടകയ്‌ക്ക് എടുത്ത് തീവ്രവാദികൾക്ക് കൈമാറിയ സംഭവത്തിൽ തമിഴ്‌നാട്ടിലെ തീവ്രവാദ സംഘത്തലവൻ തൊപ്പി റഫീഖിന്റെ മകൻ അറസ്റ്റിൽ. കോയമ്പത്തൂർ കരിമ്പു കടയിൽ സാറമേട് തിപ്പു നഗറിൽ റിയാസുദീനെ (31) ആണ് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്. റിയാസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസ് സംഘം മോഷണം പോയ റിട്ട.എസ്.ഐയുടെ കാറും കണ്ടെടുത്തു.

കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന അൽ ഉമ്മ സംഘത്തലവൻ തൊപ്പി റഫീഖ് എന്ന കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖ് (62), തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37)എന്നിവർ റിമാൻഡിലാണ്. ഇതിനിടെ റിയാസുദീൻ അച്ഛനെ കാണാൻ രഹസ്യമായി കോട്ടയം ജില്ലാ ജയിലിൽ എത്തിയ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.

കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു വരുന്ന കാറുകൾ കൈകാര്യം ചെയ്തിരുന്നത് റിയാസുദീനായിരുന്നു. കോട്ടയത്തെ റിട്ട.എസ്.ഐയിൽ നിന്ന് തട്ടിയെടുത്ത ഇന്നോവകാർ രണ്ടുലക്ഷം രൂപയ്ക്ക് തിരുന്നൽവേലി സ്വദേശി ബാലുവിന് വിറ്റെന്ന് റിയാസുദീൻ സമ്മതിച്ചു. തുടർന്ന് എസ്.എച്ച്.ഒ എം.ജെ അരുൺ, പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, എ.എസ് ഐ പി.എൻ മനോജ് , എസ്.സി.പി.ഒ ടി.ജെ സജീവ് , കെ.ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെത്തി കാർ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ റിയാസുദീനെ റിമാൻഡ് ചെയ്തു.

അക്കൗണ്ടിൽ ഒരുകോടിയിലേറെ രൂപ

റിയാസിന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ പണമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തീവ്രവാദ സ്വഭാവമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ റിയാസുദീൻ അംഗമായിരുന്നു. തമിഴ്‌നാട്ടിലേയ്ക്ക് കേരളത്തിൽ നിന്ന് നിരവധി കാറുകൾ ഇത്തരത്തിൽ മോഷ്ടിച്ച് കൊണ്ടു പോയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തീവ്രവാദ സംഘടനയുടെ പക്കൽ നിന്ന് കാർ തിരികെ പിടിക്കുന്നത്. മുൻപ് തൊപ്പി റഫീഖിനെയും സംഘത്തെയും തേടി എത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.