വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര കലാപീഠത്തിൽ നിന്നും പഠിച്ചിറങ്ങിയ 1000 ലധികം വിദ്യാർത്ഥികൾക്ക് ജോലി നല്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ 38-ാം മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില തടസങ്ങൾ ഉണ്ടായാതിനാൽ ഇപ്പോൾ നിയമനം നടക്കുന്നില്ല. ഇതിനു പരിഹാരം കണ്ട് നിയമനങ്ങൾ നടത്തുവാൻ ശ്രമിക്കുകയാണ്. കലാപീഠത്തിലെ കോഴ്‌സ്കളിലെ നിലവാരം മെച്ചപ്പെടുത്തി ഡിപ്ലോമ കോഴ്‌സുകൾക്ക് കൂടുതൽ അംഗികാരം ലഭിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം സി.കെ. ആശ എം. എൽ. എ. നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജു വി. കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന പഞ്ചവാദ്യ അദ്ധ്യാപകൻ സി. പത്മകുമാറിനെ ചടങ്ങിൽ ആദരിച്ചു. കലാപീഠത്തിൽ നിന്നും കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും എൻഡോവ്‌മെന്റും ചടങ്ങിൽ വിതരണം ചെയ്തു.
ദേവസ്വം ബോർഡ് മെമ്പർമാരായ എൻ വിജയകുമാർ, കെ. എസ് ഹരി, അസിസ്റ്റൻഡ് കമ്മിഷണർ ജി.ജി മധു, അസിസ്റ്റൻഡ് എൻജിനിയർ സി.ശ്യാംപ്രസാദ്, ആർ ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.