t

പാലാ: നഗരസഭയുടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി കൗൺസിലർ ടോണി തോട്ടം തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനൊപ്പം അടുത്തിടെ ജോസഫ് ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കുന്ന ആളാണ് ടോണി തോട്ടം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ള ജോസ് കെ. മാണി വിഭാഗം പ്രതിനിധി ജോർജ്കുട്ടി ചെറുവള്ളിൽ, കോൺഗ്രസ് പ്രതിനിധി മിനി പ്രിൻസ്, സി.പി.എം. പ്രതിനിധി പ്രസാദ് പെരുമ്പള്ളിൽ എന്നിവരുടെ പിന്തുയോടെയാണ് ടോണി തോട്ടം ചെയർമാനായത്. ചിഹ്നത്തിന്റെ പേരിലും മറ്റ് അഭിപ്രായ വ്യത്യാസങ്ങളിലും ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിൽ പോരടിക്കുമ്പോഴാണ് ജോസിന്റെ തട്ടകമായ പാലായിൽ ജോസ് കെ. മാണി-ജോസഫ് പ്രതിനിധികൾ തമ്മിൽ കൈ കൊടുത്തത് എന്നതാണ് ഏറെ ശ്രദ്ധേയം. ടോണിയെ അനുകൂലിക്കാൻ കോൺഗ്രസിനും സി.പി.എമ്മിനും അധികം ആലോചിക്കേണ്ടിയും വന്നില്ല. ഇന്നലെ രാവിലെ 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പാലാ ഡി.ഇ.ഒ. ഹരിദാസായിരുന്നൂ വരണാധികാരി. നഗരസഭാ കൊച്ചിടപ്പാടി വാർഡിൽ നിന്നും 418 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടോണി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാലാ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പ്രസിഡന്റായി ഒരു വർഷക്കാലം പ്രവർത്തിച്ച ടോണി തോട്ടം, മൂന്നാനി ഇടവക രൂപീകൃതമായത് മുതൽ പാരീഷ് കൗൺസിൽ സെക്രട്ടറിയാണ്. കത്തീഡ്രൽ പള്ളിയിലെ പ്രസിദ്ധമായ മലയുന്ത് നേർച്ചയുടെ ജോ. കൺവീനറുമാണ്.