പാലാ: കരൂർ പഞ്ചായത്തിൽ അന്ത്യാളത്ത് കരാർ ലംഘിച്ച് പ്രവർത്തിക്കുന്ന ടാർ മിക്‌സ് പ്ലാന്റിനെതിരെയും വെളിയന്നൂർ പഞ്ചായത്തിൽ പൂവക്കുളത്ത് പുതിയ പാറമടക്ക് അനുമതി നൽകിയതിനെതിരെയും മീനിച്ചിൽ താലൂക്ക് സഭയിൽ പ്രമേയം പാസ്സാക്കി. അന്ത്യാളത്ത് ഒരു കുന്നിൻ പ്രദേശം മുഴുവൻ സ്ഥലം വാങ്ങി പാറപൊട്ടിക്കുകയും ക്രഷർ നടത്തുകയും ചെയ്യുന്ന ക്വാറി ഉടമകളാണ് ഇപ്പോൾ ടാർ മിക്‌സ് യൂണിറ്റും നടത്തുന്നത്.ഈ പ്രദേശത്ത് അന്തരിഷം മുഴുവൻ കാർബൺ പൂരിതമാണ്. സമീപവാസികളുടെ ജീവൻ അപകട പെടുത്തുന്ന മാരകരോഗങ്ങൾക്ക് ഇത് ഇടയാക്കും. ഇത്ര വിസ്തീർണ്ണങ്ങൾക്കുള്ളിൽ വീടുകൾ പാടില്ല എന്ന നിർദ്ദേശത്തിന് അടിസ്ഥാനമില്ല; പൊടിയും കാർബണും ഈ നിർദ്ദേശ പരിധിയിൽ നിൽക്കില്ലെന്ന് പ്രമേയം ചൂണ്ടി കാട്ടി.
പൂവക്കുളത്ത് ഒരു കിലോമീറ്ററിനുള്ളിൽ 5 പാറമടകൾ ഒരു കുന്നിൻ പ്രദേശത്ത് പ്രവർത്തനം നടത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. പാറമടയിലേക്കുള്ള വഴി വെട്ടുന്നതിന്റെ ഭാഗമായി വലിയ തോതിൽ പാറ പൊട്ടിച്ച് വില്പന നടത്തിവരുകയാണ്. വീടുകളിലേക്കും പുരയിടങ്ങളിലേക്കും കല്ലുകൾ തെറിക്കുന്നു. വലിയ പൊടിശല്യവും ശബ്ദമലിനീകരണവും സ്‌കൂൾ, പള്ളി, അമ്പലം, ഉൾപ്പെടുന്ന ജനവാസ കേന്ദ്രങ്ങളിൽ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ലൈസൻസ് നൽകിയത് പിൻവലിക്കണമെന്നും പുതിയതായി ലൈസൻസ് നൽകരുതെന്നും പ്രമേയം ആവശ്യപ്പെട്ടു. മൈനിംഗ് ജിയോളജി, മലിനീകരണ ബോർഡ്, തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്ന് റിപ്പോർട്ട് തേടാൻ താലൂക്ക് സഭ നിർദ്ദേശിച്ചു. താലൂക്ക് സഭാംഗമായി വി.ജി.വിജയകുമാറാണ് (കർഷക സംഘം, പാലാ , ഏരിയാ കമ്മറ്റി ) ശനിയാഴ്ച നടന്ന യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.