പാലാ: വിവിധ കുടിവെള്ള പദ്ധതികൾക്കും, റോഡുകളുടെ നിർമ്മാണത്തിനും മുൻഗണന നൽകിക്കൊണ്ട് 405246064 രൂപാ വരവും 370901480 രൂപാ ചെലവും 34344584 രൂപാ നീക്കിയിരിപ്പുമുള്ള 2020-21ലെ ബഡ്ജറ്റ്‌ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അവതരിപ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും, നിലവിലുള്ളത് വിപുലീകരിക്കുന്നതിനുമായി ഒരു കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നഗരസഭയിലെ നൂറോളം വിവിധ റോഡുകളുടെ നവീകരണത്തിനായി 4.50 കോടി രൂപാ ഉൾപ്പെടുത്തി. വിവിധ ഗവ. സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി 50 ലക്ഷം രൂപയും നഗരസഭയിലെ വിവിധ കോംപ്ലക്‌സുകളുടെ പരിഷ്‌ക്കരണത്തിനായി 70 ലക്ഷം രൂപയും നീക്കി വച്ചു. വിവിധ ആശുപത്രികൾക്ക് മരുന്ന് വാങ്ങാൻ 25 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി 9 ലക്ഷം രൂപയും വകയിരുത്തി. പാവപ്പെട്ട കുടുംബങ്ങൾക്കായി 105 വീടുകൾ ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു. പുതുതായി 69 വീടുകൾ കൂടി പണിയുന്നതിലേക്കായി 50 ലക്ഷം രൂപാ നീക്കി വച്ചു. മാലിന്യ സംസ്‌ക്കരണം പ്രധാന പ്രശ്‌നവും വെല്ലുവിളിയുമാണ്. ഇതിന്റെ പരിഹാരത്തിനായി 30 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുരന്തനിവാരണ പരിശീലന പരിപാടിക്ക് 5 ലക്ഷം, നഗരസഭയ്ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ കറന്റ് ചാർജിലേക്കായി 25 ലക്ഷം, ഉത്പാദന മേഖലയ്ക്ക് 20 ലക്ഷം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 27.57 ലക്ഷം, എന്നിങ്ങനെ തുക നീക്കി വച്ചിട്ടുണ്ട്. നഗരസഭയിലെ കാലഹരണപ്പെട്ട വാഹനങ്ങൾ ഉടൻ ലേലം ചെയ്ത് കൊടുക്കും. വയോജനങ്ങൾക്കായുള്ള 'സായം പ്രഭയിൽ" ഗ്യാലറി, റോക്ക് ഗാർഡൻ, ഔഷധസസ്യ ഉദ്യാനം, കോഫി പാർലർ എന്നിവ ആരംഭിക്കും. നഗരസഭാ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. ബഡ്ജറ്റവതരണ യോഗത്തിൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിന്മേലുള്ള ചർച്ച 16ന് നടക്കും.

 ഒറ്റനോട്ടത്തിൽ

 കുടിവെള്ള പദ്ധതികൾക്ക് ഒരു കോടി

 റോഡ് നവീകരണത്തിന് 4.50 കോടി

 പാർപ്പിട മേഖലയ്ക്ക് 50 ലക്ഷം

 മാലിന്യ സംസ്‌ക്കരണത്തിന് 30 ലക്ഷം

 നഗരസഭാ കോംപ്ലക്‌സുകളുടെ നവീകരണത്തിന് 70 ലക്ഷം

 പടവന്റെ പത്താമത്തെ ബ‌ഡ്ജറ്റ്

പാലാ: നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അവതരിപ്പിച്ച പത്താമത്തെ ബഡ്ജറ്റിനാണ് ഇന്നലെ പാലാ നഗരസഭ സാക്ഷ്യം വഹിച്ചത്. കെ.എം. മാണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പടവൻ ഇപ്പോൾ ജോസഫ് ഗ്രൂപ്പിനൊപ്പം നിന്ന് പ്രവർത്തിക്കുകയാണ്. രാഷ്ട്രീയമായി ജോസ്. കെ. മാണിയുമായുള്ള എതിർപ്പുകൾക്കിടയിലും ഇന്നലെ അവതരിപ്പിച്ച നഗരസഭാ ബഡ്ജറ്റിൽ വികസന പ്രവർത്തനങ്ങൾക്ക് എം.പി. മാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും, മാണി.സി. കാപ്പൻ എം.എൽ.എയും തനിക്ക് പൂർണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് എടുത്തു പറയുന്നുണ്ട്.

സർക്കാർ നഗരസഭയ്ക്ക് കൈമാറിയ ജനറൽ ആശുപത്രി, മുനിസിപ്പൽ സ്റ്റേഡിയം എന്നിവയുടെ പരിപാലനം ഏറ്റെടുക്കേണ്ടി വന്നതു മൂലവും, ജീവനക്കാരുടെയും, പെൻഷൻകാരുടെയും ശമ്പള പരിഷ്‌ക്കരണം വന്നതിലൂടെയും നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബഡ്ജറ്റിലൂടെ വൈസ് ചെയർമാൻ വ്യക്തമാക്കുന്നു. ഒരു മാസം നഗരസഭയുടെ പ്രവർത്തനം സുഗമമായി നടന്നു പോകണമെങ്കിൽ 55 ലക്ഷം രൂപയെങ്കിലും വേണം. പലപ്പോഴും ഈ തുക കണ്ടെത്താൻ പെടാപ്പാടു പെടുന്നതായും കുര്യാക്കോസ് പടവൻ പറയുന്നു.

 ബഡ്ജറ്റിന്റെ പുറംചട്ടയിൽ 'കേരളകൗമുദി" വാർത്തയും

പാലാ: നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഒരു പത്രവാർത്ത ബഡ്ജറ്റ് ബുക്കിന്റെ പുറം ചട്ടയിൽ ഇടം പിടിച്ചു; 'കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഉടൻ നന്നാക്കാൻ തീരുമാനം" എന്ന തലക്കെട്ടിൽ മൂന്നാഴ്ച മുമ്പ് 'കേരള കൗമുദി" പ്രസിദ്ധീകരിച്ച വാർത്തയാണ് ഇന്നലെ നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അവതരിപ്പിച്ച ബഡ്ജറ്റിന്റെ പുറം ചട്ടയിൽ ചേർത്തത്. പാലാ നഗരസഭയുമായി ബന്ധപ്പെട്ടും, നഗരത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും വികസന കാര്യങ്ങളെക്കുറിച്ചും കൂടുതൽ വാർത്തകൾ ഏറ്റവുമാദ്യം റിപ്പോർട്ട് ചെയ്യുന്ന ഏക പത്രം 'കേരളകൗമുദി"യാണ്. അതു കൊണ്ടു തന്നെയാണ് ഇത്തവണ നഗരസഭയുടെ ഔദ്യോഗിക പ്രവർത്തന റിപ്പോർട്ടായ ബഡ്ജറ്റിന്റെ പുറം ചട്ടയിൽ 'കേരളകൗമുദി"യിലെ ഒരു വാർത്താ ശകലം ഞങ്ങൾ ഉൾപ്പെടുത്തിയത്. 'കേരളകൗമുദിക്ക്" 72 വയസ്സു പിന്നിടുന്ന പാലാ നഗരസഭ സമർപ്പിക്കുന്ന സ്‌നേഹാദരം കൂടിയാണിത്, പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കും, വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും പറഞ്ഞു. നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഈ തീരുമാനം ഏറെ ശ്ലാഘനീയമാണെന്ന് പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസും, അംഗങ്ങളായ പ്രസാദ് പെരുമ്പള്ളിലും, അഡ്വ. ബിനു പുളിക്കക്കണ്ടവും പറഞ്ഞു. നഗരസഭയുമായി ബന്ധപ്പെട്ട് കേരള കൗമുദി കഴിഞ്ഞ 5 വർഷമായി പ്രസിദ്ധീകരിച്ച അമ്പതോളം എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടുകളുടെ ഫയൽ താൻ സൂക്ഷിക്കുന്നുണ്ടെന്ന് സി.പി.എം പ്രതിനിധി കൂടിയായ പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസ് പറഞ്ഞു. നഗരസഭയിലും നഗരത്തിലും നടന്ന വിവിധ സംഭവങ്ങളുടെ അറുപതിൽപ്പരം ചിത്രങ്ങളും ബഡ്ജറ്റ് രേഖയുടെ പുറം ചട്ടയിൽ ചേർത്തിട്ടുണ്ട്.