ചങ്ങനാശേരി: ജലസ്രോതസുകൾ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കൊടിനാട്ടുംകുന്നുകാർ. കൊടിനാട്ടുംകുന്ന് സബ്‌സ്റ്റേഷനു സമീപത്തുളള പ്രദേശത്താണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. തോടുകളും കിണറുകളും വറ്റിയതിനാൽ പൈപ്പ് ലൈൻ വെള്ളമായിരുന്നു ഇവിടുത്തുകാരുടെ പ്രധാന ആശ്രയം. നിലവിൽ ചെറുകരക്കുന്നിലുള്ള വാട്ടർ കണക്ഷനിൽ നിന്നാണ് വെള്ളം ലഭിച്ചിരുന്നത്. കഴിഞ്ഞ രണ്ടുമാസമായി ഈ പൈപ്പ് ലൈനുകളിൽ നിന്നും വെള്ളം ലഭിക്കാതായി. 300-ഓളം വീടുകളാണ് പ്രദേശത്ത് ഉള്ളത്. എല്ലാ ദിവസവും രണ്ടും മൂന്നും കിലോമീറ്ററുകൾ നടന്ന് വെള്ളം ഉള്ള സമീപപ്രദേശങ്ങളിൽ നിന്നും
തലച്ചുമടായാണ് വെള്ളം വീടുകളിൽ എത്തിക്കുന്നത്. മുൻപ് വെള്ളം പഞ്ചായത്തിൽ നിന്നും വിതരണം ചെയ്തിരുന്നെങ്കിലും ഇപ്പോൾ ആ സംവിധാനമില്ല. വെള്ളം വിലകൊടുത്ത് വാങ്ങാനുമുള്ള സംവിധാനങ്ങളും ഇവിടെയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. തൃക്കൊടിത്താനം പഞ്ചായത്തിലെ 20,5,6 വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കുടിവെള്ള ക്ഷാമത്തെ അതിജീവിക്കുന്നതിനുള്ള ജലനിധിപോലെയുള്ള പദ്ധതികൾ ഇവിടെയില്ല. പഞ്ചായത്ത്
അധികൃതർക്കും വാട്ടർ അതോറിട്ടി അധികൃതർക്കും പരാതി കൊടുത്തിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ, കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.