എലിക്കുളം:രാഷ്ട്രീയക്കാർ കുളം കലക്കിയെന്നും കുളംതോണ്ടി എന്നുമൊക്കെ സാധാരണയുള്ള പ്രയോഗമാണ്.എന്നാൽ ഇവിടെ ഒരു ഗ്രാമപഞ്ചായത്ത് അംഗം അക്ഷരാർത്ഥത്തിൽ കുളം തോണ്ടി.
എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും നാലാം വാർഡ് പ്രതിനിധിയുമായ മാത്യൂസ് പെരുമനങ്ങാടനാണ് സ്വന്തം വാർഡിൽ
കുളംകുത്താൻ ഇറങ്ങിയത്.ഇദ്ദേഹത്തിന്റെ വാർഡിന്റെ ഭാഗമായ ആളുറുമ്പ് ,മാനോലി മേഖലകൾ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളാണ്.ഇവിടുത്തെ ജനങ്ങൾ എല്ലാവർഷവും വേനക്കാലങ്ങളിൽ സമീപത്തു കൂടി ഒഴുകുന്ന ഒരു കൈത്തോട്ടിൽ ചെറിയ കുഴികൾ കുത്തി വെള്ളം കണ്ടെത്തുന്നത് പതിവാണ്.
ഇത്തവണ എന്നാൽ വാർഡ് മെമ്പർ നേരിട്ട്
ഇറങ്ങിയാണ് തോട്ടിലെ ഓലി കുത്താൻ ഇറങ്ങിയത്. രാവിലെ മുതൽ വൈകുന്നേരം വരെ ഓലി കുത്തി വെള്ളം കണ്ട ശേഷമാണ് മെമ്പർ മടങ്ങിയത്.സന്തോഷത്തോടെ യാത്ര അയച്ചു നാട്ടുകാരും.അടുത്തുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനമാണിതെന്ന് ശത്രുക്കൾ പറയുമെങ്കിലും മെമ്പറുടെ മനസ്സിൽ അങ്ങനെ ഒരു ചിന്തയേ ഇല്ലെന്നാണ് മിത്രങ്ങൾ പറയുന്നത്.എന്തായാലും വെള്ളം കിട്ടിയതിൽ നാട്ടുകാർ സന്തോഷത്തിലാണ്.