പാലാ: കർണാടക സംഗീതത്തിലെ വനിതാ രത്‌നങ്ങളിൽ ഒന്നാം നിരക്കാരി സുധ രഘുനാഥൻ ഇന്നു കിടങ്ങൂരിൽ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് വൈകിട്ട് ഏഴിനാണ് സംഗീത സദസ്. ചെന്നൈ ബി.വി. രാഘവേന്ദ്ര റാവു(വയലിൻ) , അക്ഷയ് അനന്തപദ്മനാഭൻ (മൃദംഗം), ഉടുപ്പി എസ്. ബാലകൃഷ്ണൻ (ഘടം), ആർ.രാമൻ മ്രുഖർ ശംഖ്) എന്നിവരാണു പക്കമേളമൊരുക്കുന്ന ത്. പ്രശസ്ത കർണാടക സംഗീതജ്ഞയായിരുന്ന എം. എൽ വസന്തകുമാരിയുടെ ശിഷ്യയാണ് പദ്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കിയിട്ടുള്ള സുധ. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ അമ്പതാം വാർഷികത്തിൽ ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് സുധ രഘുനാഥായിരുന്നു. തിരു വയ്യാറിൽ എല്ലാവർഷവും നടക്കുന്ന ത്യാഗരാജ ആരാധനയിൽ പഞ്ചരത്‌ന കീർത്തന ആലാപനത്തെ നയിക്കുന്നവരിൽ പ്രമുഖയാണ് സുധ. എ.ആർ. റഹ്മാന്റേതുൾപ്പെടെ നിരവധി തമിഴ് ചലച്ചിത്ര ഗാനങ്ങൾ പാടിയിട്ടുണ്ട്.