kurichi

ചങ്ങനാശേരി: കൊയ്ത്തിനു ആഴ്ചകൾ ശേഷിക്കെ കൃഷി ആവശ്യത്തിനായി വെള്ളം ലഭിക്കാത്തത് നെൽക്കർഷകർക്കു ദുരിതമാകുന്നു. കുറിച്ചി പഞ്ചായത്തിൽ മണ്ണങ്കര, മുട്ടത്തുകടവ് തോടിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച് കൃഷി നടത്തിയവരാണ് ആശങ്കയിലായത്. കക്കുഴി, പാലാച്ചാൽ, മങ്കുഴി, ഉള്ളാട്ടുകുഴി, താഴെ പറയനടി, കാരിക്കുഴി തുടങ്ങിയ പാടശേഖരങ്ങളിലെ നെൽച്ചെടികളാണ് കനത്ത വേനലിനെ തരണം ചെയ്യാൻ കഴിയാതെ കരിഞ്ഞു വീഴാൻ തുടങ്ങിയത്. മണ്ണങ്കര തോട്ടിൽ ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. തോടിന്റെ ആഴം കൂട്ടി വൃത്തിയാക്കിയാൽ പാടശേഖരങ്ങളിൽ വെള്ളം എത്തിക്കാനാവും. ഇതിനുള്ള നടപടികൾ വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. നീലംപേരൂർ കൃഷിഭവന്റെ കീഴിലുള്ള ഇടമ്പാടി പാടശേഖരത്തും സമാനമായ പ്രശ്‌നം നിലനിൽക്കുന്നു. തുരുത്തിത്തറ മുതൽ ഈര ലൂർദ് മാതാ പള്ളി വരെയുള്ള ഭാഗത്തെ തോട് വൃത്തിയാക്കിയാൽ മാത്രമേ ഈ പാടശേഖരത്ത് വെള്ളം എത്തിക്കാൻ സാധിക്കൂ.