ചങ്ങനാശേരി: പൊലീസ് ക്വാർട്ടേഴ്‌സിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ട് നാളുകളായിട്ടും നന്നാക്കാൻ നടപടികളുണ്ടാകുന്നില്ല. പരാതി പറഞ്ഞും ഓഫീസു കയറി ഇറങ്ങിയും പൊലീസുകാരും മടുത്തു. അടുത്തകാലത്തും മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. അന്ന് ഇവിടെ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇത് സംബന്ധിച്ച് പി.ഡബ്യൂ.ഡി എ.ഇക്ക് പരാതിയും നൽകിയിരുന്നു. സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുന്നത് ഇതിനോട് ചേർന്നുള്ള പൊതുവഴിയിലൂടെ സഞ്ചരിക്കുന്നവർക്കും അപകടഭീഷണി ഉയർത്തുന്നു. 28, 29, 30 നമ്പർ ക്വാർട്ടേഴ്‌സുകളുടെ ഭാഗത്തെ ചുറ്റുമതിലുകൾ പൂർണമായും തകർന്നു. പല പൊലീസ് ക്വാർട്ടേഴ്‌സുകളും ശോചനീയാവസ്ഥയിലാണ്. പഴയകാലത്തെ ഓടിട്ട കെട്ടിടങ്ങളാണ്. കെട്ടിടത്തിന്റെ അകുറ്റപ്പണികൾ നടത്തിയിട്ടും ഒരുപാട് നാളുകളായി. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് പി.ഡബ്യൂ.ഡി അധികൃതരെ സമീപിക്കുമ്പോൾ എസ്റ്റിമേറ്റ് എടുത്ത് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്ന മറുപടി മാത്രമാണ് നാളുകളായി പൊലീസിന് ലഭിക്കുന്നത്. മഴക്കാലത്ത് ക്വാർട്ടേഴ്സിലെ പല ഭാഗങ്ങളും ചോർന്നൊലിക്കും. ടൈലുകളാണെങ്കിൽ പലതും ഇളകിയ നിലയിലാണ്.