jayan-puthumana

വൈക്കം : ജയൻ പുതുമനയുടെ ചിത്രപ്രദർശനം വൈക്കത്ത് ആരംഭിച്ചു. വൈക്കം ഡിസൈൻസ് മീഡിയ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന ചിത്രപ്രദർശനം സി.കെ. ആശ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പാലക്കാടിന്റെയും കോഴിക്കോടിന്റെയും മണ്ണിൽ സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജയൻ പുതുമന മൂന്നുവർഷം മുൻപാണ് വൈക്കത്തെത്തിയത്. ചെറുകഥയെ ആസ്പദമാക്കി ചിത്രങ്ങൾ വരച്ച് അത് വായനശാലകളിൽ പ്രദർശിപ്പിച്ച് വ്യത്യസ്ത ചിത്രപ്രദർശനം ഒരുക്കി. ഒരു പതി​റ്റാണ്ട് മുൻപ് ഫ്‌ളാ​റ്റുകളുടെ ഗുണവും ദോഷവും ആസ്പദമാക്കി വരച്ച ചിത്രവും സ്ത്രീകളുടെ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും ശ്രദ്ധേയമായി. വാർത്തകളിൽ തന്റെ മനസ്സിനെ സ്പർശിച്ച മുപ്പതോളം ചിത്രങ്ങൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 13 ന് പ്രദർശനം സമാപിക്കും. കരിങ്കൽ ശില്പങ്ങളും വേരുകളിൽ തീർത്ത ശില്പങ്ങളും ചെറുകഥ രചനകളുമായി എഴുപതാം വയസിലും ഉദയനാപുരത്തെ വീട്ടിലെ പണിപ്പുരയിലാണ് ഈ ചിത്രകാരൻ.