ചങ്ങനാശേരി : നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതികൾ ആരംഭിച്ചെങ്കിൽ മാത്രമേ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്നും ജല അതോറിട്ടി ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ ഡോ. കെ.സി. ജോസഫ് ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലമുടയ്ക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലത്തിലെ മുനിസിപ്പൽ പ്രദേശത്തും മറ്റ് അഞ്ചു പഞ്ചായത്തുകളിലും വാട്ടർ അതോറിട്ടിയുടെ ജലവിതരണം കാര്യക്ഷമമല്ല. ആഴ്ച്ചയിൽ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ജലവിതരണം സാദ്ധ്യമാക്കണം. തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, തുരുത്തി, ചീരംചിറ, മാടപ്പള്ളി, മടുക്കുംമൂട് തുടങ്ങിയ മേഖലകളിൽ ശുദ്ധജലം എത്തിയിട്ട് ആഴ്ചകളായി. ജലവിതരണം കാര്യക്ഷമമല്ലെങ്കിലും ജലക്കരം കുടിശിക പലിശ സഹിതം ഈടാക്കുന്നതിൽ അധികൃതർ മടികാണിക്കുന്നില്ല. ജലനിധി പദ്ധതിയിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ സംബന്ധിച്ച് പല പ്രദേശത്തും ആശങ്കയുണ്ട്. കുടിവെള്ളത്തിനായി ജനുവരി മാസം മുതൽ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വാട്ടർ അതോറിട്ടിക്ക് വാട്ടർ ചാർജ് അടക്കുന്ന ഉപയോക്താക്കൾ. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കുടിവെള്ളത്തിനായി ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടിവരുന്നത് കുടുംബ ബഡ്ജറ്റിനെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരമനപടി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് ഫ്ലാഗ് ഒഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, വിനു ജോബ്, ബോബൻ കോയിപ്പള്ളി, ആലിച്ചെൻ തൈപ്പറമ്പിൽ, കെ.ജെ. ജെയിംസ്, സിബി മുക്കാടൻ, ചെറിയാൻ നെല്ലുവേലിൽ, സജി ജോൺ, ജോണിച്ചൻ കൂട്ടുമേൽക്കാട്ടിൽ, സണ്ണി പരുവംമൂട്ടിൽ, സോജൻ മണക്കുന്നേൽ, കെ.കെ. തോമസ്, ലിസിയാമ്മ മാത്യു, ഷിനു ചിറത്തലക്കൽ, സാബു കിടങ്ങൂതറ, സാബുകുട്ടൻ ഹൈമലയം, എം.കെ. ജോസഫ്, വിൻസൺ വടക്കേൽ, ജോസ്‌കുട്ടി പടവുപുരക്കൽ, കുര്യൻ കുരിശിങ്കപറമ്പിൽ എന്നിവർ പ്രസംഗിച്ചു. സേവിച്ചൻ മുളകുപാടം, റോയ് മുക്കാടൻ, മാത്യു പി. വർഗീസ്, ജോസഫ് അമ്പാട്ട്, ഷാജി ചിങ്ങംപറമ്പിൽ,ബാബു മൂലയിൽ, ബിനോയ് ജോർജ്, കുഞ്ഞുമോൻ മഠത്തിൽ, സുനിൽ വലിയപറമ്പിൽ ജോർജ് ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.