ചങ്ങനാശേരി: സാമൂഹിക കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് 572171826 രൂപ വരവും, 525342500 രൂപ ചെലവും 46829326 രൂപ നീക്കിയിരുപ്പുമുള്ള മിച്ച ബഡ്ജറ്റ് ചങ്ങനാശേരി നഗരസഭ ആക്ടിംഗ് ചെയർപേഴ്‌സണും ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ അംബിക വിജയൻ അവതരിപ്പിച്ചു. ബഡ്ജറ്റിന്മേലുള്ള ചർച്ച വ്യാഴാഴ്ച രാവിലെ 10.30ന് കൗൺസിൽ ഹാളിൽ നടക്കും. ശതാബ്ദിയിൽ എത്തി നിൽക്കുന്ന നഗരസഭയ്ക്ക് ശതാബ്ദി സ്മാരകമായി മന്ദിരം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. പൂവക്കാട്ട്ചിറ ജലാശയത്തിൽ ഒഴുകുന്ന ഭക്ഷണശാല നിർമ്മിക്കും. തരിശായികിടക്കുന്ന മുഴുവൻ പാടശേഖരങ്ങളും കൃഷിയുക്തമാക്കുന്നതിന്‌ നാലു ലക്ഷം രൂപയും കൃഷി അനുബന്ധമേഖലകളുടെ പ്രോത്സാഹനത്തിനും പച്ചക്കറികൃഷി വികസനത്തിനും 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. കറവപ്പശുക്കളെ വാങ്ങുന്നതിനും, കറവയന്ത്രം വാങ്ങുന്നതിനും 4.5 ലക്ഷം രൂപയും മുട്ടക്കോഴി വളർത്തലിനായി ആറുലക്ഷം രൂപയും ഉൾപ്പെടുത്തി. മൃഗാശുപത്രി കെട്ടിട നിർമ്മാണത്തിന് 10 ലക്ഷം രൂപയും, തെരുവുനായ നിയന്ത്രണത്തിന് (വാക്‌സിനേഷൻ) അഞ്ചു ലക്ഷവും, തുണി പേപ്പർ ക്യാരിബാഗ് നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് 16 ലക്ഷവും, താലൂക്ക് ജനറലാശുപത്രിയിൽ മരുന്നുകൾക്കും,പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കുമായി 40 ലക്ഷവും, ഉറവിടമാലിന്യസംസ്‌കരണത്തിന് രണ്ടു കോടിയും, നിരീക്ഷണകാമറകൾക്കായി ആറുലക്ഷവും, എയറോബിക് കംപോസ്റ്റ് യൂണിറ്റുകളുടെ പരിപാലനത്തിന്10 ലക്ഷവും, സാമൂഹ്യസുരക്ഷപദ്ധതികൾക്കായി 10 ലക്ഷവും, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനത്തിന് 4.5 ലക്ഷവും, വയോജനമിത്രം സെന്ററിൽ മരുന്നുകൾക്ക് ഒരു ലക്ഷവും, അങ്കണവാടികളിൽ പോഷകാഹാരപദ്ധതിക്ക് 39 ലക്ഷവും, മോഡൽ അങ്കണവാടിക്ക് 30 ലക്ഷവും, കുട്ടികൾക്ക് കസേരയ്ക്കായി 12 ലക്ഷവും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. വഴിയോര വനിതാ വിശ്രമകേന്ദ്രത്തിന് അഞ്ചു ലക്ഷവും, തോടുകളുടെയും കുളങ്ങളുടെയും നവീകരണത്തിന് 20 ലക്ഷവും വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപയും, വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾക്ക് 10 ലക്ഷം രൂപയും, പഠനമുറികൾ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി. നഗരത്തിലെ കുടിവെള്ളക്ഷാമ പരിഹാരത്തിന് 48 ലക്ഷവും, തെരുവ് വിളക്ക്മിനിമാസ്റ്റ് ലൈറ്റ്, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് 25 ലക്ഷവും, നഗരസഭയിലെ 37 വാർഡുകളിലെയും പൊതുമരാമത്ത് പ്രവർത്തികൾക്കായി 6.5 കോടിയും, ഭവനനിർമ്മാണധനസഹായമായി 1.5 കോടിയും, ഭവനപുനരുദ്ധാരണ ധനസഹായമായി 40 ലക്ഷവും, ജീവനക്കാർക്കായി റെയിൽവേ സ്റ്റേഷനു സമീപം കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് 50 ലക്ഷവും, പട്ടികജാതി ക്ഷേമത്തിന് 63.25 ലക്ഷവും ദുരന്ത നിവാരണത്തിനായി 25 ലക്ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്.

 ളായിക്കാട് ഷോപ്പിംഗ് മാൾ കം കൺവെൻഷൻ സെന്റർ നിർമ്മിക്കും

ളായിക്കാടുള്ള നഗരസഭ വക സ്ഥലത്ത് ഷോപ്പിംഗ് മാൾ കം കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു. ഷോപ്പിംഗ് മാളിൽ രണ്ടു മൾട്ടിഫൽക്‌സ് തീയേറ്റർ, കാർ ഷോറൂം വിശാലമായ പാർക്കിംഗ്, ഷോപ്പിംഗ് കോംപ്ലക്സ് ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയും നിർമ്മിക്കുന്നതിനാണ് 15 കോടി രൂപ ബഡ്ജറ്റിൽ നീക്കി വച്ചത്. മുനിസിപ്പൽ റസ്റ്റ് ഹൗസ് ഇരിക്കുന്ന സ്ഥലത്ത് അഞ്ചു നിലകളിലായി നാലുകോടി രൂപ ചെലവഴിച്ച് മുനിസിപ്പൽ ടവറും നിർമ്മിക്കും