കോട്ടയം: കൊറോണയെ തുരത്താൻ ഒരു രാജ്യം മുഴുവൻ കൈകോർക്കുമ്പോൾ വ്യാജവാർത്തകൾ പടച്ചുവിട്ട് ആനന്ദം കണ്ടെത്തുകയാണ് ചില 'വിവരദോഷികൾ' ! വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് നിരവധിപേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടും പുത്തൻ കഥകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. അത്തരത്തിൽ ഇന്നലെ പ്രചരിച്ച ചില വ്യാജവാർത്തകളാണിവ വിശ്വസിക്കരുത്...

 കൊറോണയെ പ്രതിരോധിക്കാൻ എ.ടി.എമ്മുകൾ അടച്ചിടുമെന്നായിരുന്നു ആദ്യ പ്രചാരണം. ഇത് വിശ്വസിച്ചതോടെ എ.ടി.എമ്മുകളിൽ തിരക്കേറി. കോട്ടയത്തെ പല എ.ടി.എമ്മുകളും പെട്ടെന്ന് കാലിയായി.

റേഷൻ കടകളിൽ ഇ പോസ് മെഷിനിൽ പലരും വിരൽ അമർത്തുന്നത് കൊറോണ വ്യാപനത്തിന് കാരണമാകുമെന്നായിരുന്നു മറ്റൊരു പ്രചാരണം.

ഇറ്റലിയിൽ നിന്നു വന്നവരെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ പോയ ടാക്സി ഡ്രൈവറെന്ന പേരിൽ ചില ചിത്രങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ബന്ധുവാണ് കാർ ഓടിച്ചതെന്ന് തെളിഞ്ഞതോടെ ആ കളിയും അവസാനിപ്പിച്ചു.

റാന്നിയിലേക്കുള്ള യാത്രക്കിടയിൽ ഇറ്റലിയിൽ നിന്ന് വന്ന കുടുംബം കോട്ടയത്തെ ഹോട്ടലിൽ കയറിയിരുന്നു. ഇത് അറിഞ്ഞതോടെ ചിലർ കോട്ടയത്തെ ഹോട്ടലുകളുടെ പേര് വച്ച് വ്യജവാർത്തകൾ ഇറക്കി.

 ഇറ്റലിയിൽ നിന്നു വന്നവർ സിനിമകാണാൻ തിയേറ്ററിലെത്തി, പല തവണ പള്ളിയിലും ബന്ധുവീടുകളിലും ഷോപ്പിംഗ് മാളുകളിലും കറങ്ങി സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ചു തുടങ്ങിയ കഥകളും പൊടിപ്പും തൊങ്ങലും വച്ച് ചിലർ പ്രചരിപ്പിച്ചു.

ഇക്കാര്യം സ്ഥിരീകരിക്കുന്ന പള്ളി വികാരി, ആശുപത്രി ജീവനക്കാരി എന്നിവരുടേതെന്ന തരത്തിൽ വ്യാജ ശബ്ദ സന്ദേശങ്ങളും പ്രചരിപ്പിച്ചു. ഈ കുടുംബം പണ്ടൊരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോയും പ്രചരിപ്പിച്ചു.