പാലാ : സംസ്ഥാനത്ത് കൊറോണ ഭീതി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും കുട്ടികൾക്ക് ശരിയായ ബോധവത്ക്കരണം നൽകിയതോടെ പാലാ വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെ സമീപിച്ചത് ആശങ്കയില്ലാതെ. കുട്ടികളിലാർക്കെങ്കിലും ജലദോഷമോ, പനിയോ, അസ്വസ്ഥതയോ ഉണ്ടോയെന്നും അദ്ധ്യാപകർ തിരക്കിയിരുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം ഇരുത്തി പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. പാലാ വിദ്യാഭ്യാസ ജില്ലയിൽ 7 ഗവൺമെന്റ് സ്‌കൂളുകൾ, 37 എയ്ഡഡ് സ്‌കൂളുകൽ, 5 അൺ എയ്ഡഡ് സ്‌കൂളുകൾ, 2 ടെക്നിക്കൽ സ്‌കൂളുകൾ ഉൾപ്പെടെ 51 കേന്ദ്രങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. 239 കുട്ടികളെ പരീക്ഷ എഴുതിക്കുന്ന പാലാ സെന്റ് മേരീസ് ജി.എച്ച്.എസ് ആണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും വലിയ പരീക്ഷ സെന്റർ. പുതുവേലി സ്‌കൂളാണ് ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുത്തുന്നത് 7 പേർ. കനത്ത ചൂടിനെ നേരിടാൻ കുടിവെള്ളം എല്ലാ ക്ലാസുകളിലും കരുതിയിട്ടുണ്ട്. ഫാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്ലാസുകളിൽ സജ്ജമാക്കിയിട്ടുണ്ട്.