കോട്ടയം: കൊറോണ സംശയിക്കുന്നവരെ നിരീക്ഷണത്തിൽ കിടത്താൻ സ്വകാര്യ ആശുപത്രികളടക്കം 17 ആശുപത്രികളിൽ ഐസലേഷൻ വാർഡുകൾ ക്രമീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് കൂടാതെ കോട്ടയം ജില്ലാ ആശുപത്രി, പാലാ ജനറൽ ആശുപത്രി, ചങ്ങനാശേരി, പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികൾ 10 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാർഡ് സജ്ജമാക്കിയത് . മറ്റ് രോഗികളോ പൊതുജനങ്ങളോ വേഗം കടന്നു ചെല്ലാത്ത ഭാഗത്താണ് ഐസലേഷൻ വാർഡുകൾ . കൊറോണ ബാധിതരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാണ് വൈദ്യസംഘം ഇവരെ പരിചരിക്കുന്നത്.

ഇറ്റലി, ഇറാൻ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും ആരോഗ്യ പ്രശ്‌നങ്ങൾ കാണിക്കുന്നവരും ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടണമെന്ന നിർദേശവുമുണ്ട്. ഇവർ നേരിട്ട് പരിശോധനയ്ക്കായി ആശുപത്രികളിൽ എത്താൻ പാടില്ല. രോഗം സ്ഥിരീകരിച്ചവരുമായി മറ്റുള്ളവർ അടുത്തിടപഴകാനും പാടില്ല. കോവിഡ് സ്ഥിരീകരിച്ചരുമായി ഏതെങ്കിലും തരത്തിൽ ഇടപഴകിയവർ ആരോഗ്യ വകുപ്പിന്റെ നിദേശം പാലിച്ച് വീടുകളിൽ പ്രത്യേകമായി കഴിയണം. രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ പുറത്തിറങ്ങാവൂ.

സ്വീകരിച്ച മുൻകരുതലുകൾ

 ആരോഗ്യ സെക്രട്ടറിയുടെയും എൻ.എച്ച്.എം ഡയറക്ടറുടെയും നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രാത്രി തന്നെ വിഡിയോ കോൺഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി.

 എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കി.
 വിദേശ രാജ്യങ്ങളിൽ എത്തിയവരെ നിരീക്ഷണത്തിലാക്കി

 ചെങ്ങളത്തുള്ളവരുമായി ഇടപഴകിയവരെ പ്രത്യേക നിരീക്ഷണത്തിലാക്കി
 ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ കണ്ടെത്തി ഐസലേഷൻ വാർഡുകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി.
 കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി, സ്വകാര്യ ആശുപത്രി അധികൃതർക്കും നിർദേശം