കിടങ്ങൂർ: തൃക്കിടങ്ങൂരപ്പന് മീനച്ചിലാറ്റിലെ ചെമ്പിളാവ് പൊൻകുന്നത്ത് മഹാദേവക്ഷത്രക്കടവിൽ തിരുവാറാട്ട്. പത്ത് ദിനരാത്രങ്ങൾ കിടങ്ങൂരിനെ ഭക്തിലഹരിയിലാറാടിച്ച ഉത്സവത്തിന് കൊടിയിറക്കം. സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ നിന്ന് ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ആറാട്ട് പുറപ്പാട്. ചെമ്പിളാവ് പൊൻകുന്നത്ത്
മഹാദേവക്ഷേത്രത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനെ ക്ഷേത്രാങ്കണം മുതൽ ആറാട്ട് നടന്ന മീനച്ചിലാറ്റിലെ പൊൻകുന്നത്ത് ക്ഷേത്രക്കടവ് വരെ ഭക്തർ കർപ്പൂരദീപം തെളിയിച്ച് വരവേറ്റു. ആറരയോടെ പൊൻകുന്നത്ത് മഹാദേവക്ഷത്രത്തിലെ ആറാട്ട് കടവിൽ താന്ത്രിക ചടങ്ങുകൾക്ക് ശേഷം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിപ്പാടും മേൽശാന്തി വാരിക്കാട്ട് കേശവൻ നന്ദികേശും ചേർന്ന് ഭഗവാനെ ആറാടിച്ചപ്പോൾ ഹര ഹര മന്ത്രങ്ങളോടെ ഒപ്പം മുങ്ങി ഭഗവത് കടാക്ഷം ഏറ്റുവാങ്ങാനെത്തിയതും സാക്ഷ്യം വഹിക്കാൻ തൊഴുകൈകളോടെ ഇരുകരകളിലും കാത്തുനിന്നതും നൂറുകണക്കിന് ഭക്തർ. ആറാട്ടിന് ശേഷം പൊൻകുന്നത്ത് മഹാദേവന്റെ തിരുസന്നിധിയിലേക്ക് കിടങ്ങൂരപ്പന്റെ തിരുവെഴുന്നള്ളത്ത്. തുടർന്ന് മഹാദേവന്റേയും സുബ്രഹ്മണ്യസ്വാമിയുടേയും ആണ്ടൊരിക്കലുള്ള
അനിർവചനീയമായ പിതൃപുത്ര സമാഗമത്തിന്റെ പുണ്യമുഹൂർത്തം. ഇരുദേവന്മാരേയും തൊഴുതു മടങ്ങുന്ന ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന
ഓം നമ:ശിവായ ഹരഹര മന്ത്രധ്വനികൾ. രാത്രി പത്തരയോടെ പൊൻകുന്നത്ത് ക്ഷേത്രത്തിൽ നിന്നും തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു.ചെമ്പിളാവ് ജംഗ്ഷനിലും തുടർന്ന് ആറാട്ട് വഴിയിലുടനീളവും ഉത്തമേശ്വരം ക്ഷേത്രത്തിലും ഭക്തർ ഒരുക്കിയ നൂറുകണക്കിന് പറയും വരവേൽപ്പും സ്വീകരിച്ച് പുലർച്ചെ ഒന്നരയോടെ കോവിൽപ്പാടത്തേക്ക് എഴുന്നള്ളിയ ഭഗവാനെ ഗജവീരന്മാരുടേയും പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ ഭക്തർ എതിരേറ്റു. കരിമരുന്നിന്റെ പ്രഭാപൂരം തീർത്ത
വർണ്ണവിസ്മയം ഉത്സവരാവിന്റെ പൊൻതിളക്കം വർദ്ധിപ്പിച്ചപ്പോൾ പുരുഷാരം ഭഗവാനെ തൊഴുതുനിന്നു. തുടർന്ന് അകത്ത് എഴുന്നള്ളിപ്പ് കൊടിമരച്ചുവട്ടിൽ പറവയ്പ് കൊടിയിറക്ക് പഞ്ചവിംശതി കലശം,ശ്രീഭൂതബലി എന്നിവയോടെ ഉത്സവത്തിന് പരിസമാപ്തിയായി.