കോട്ടയം: കൊറോണയിൽ കോട്ടയത്തെ വ്യാപാരമേഖല തകർന്നു. ആളുകൾ ഒത്തു കൂടുന്നതൊഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം വന്നതോടെ ക്ഷേത്രോത്സവങ്ങളും പള്ളി പെരുന്നാളുകളും മാറ്റാൻ നിബന്ധിതമായി. ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനയും മുസ്ലീം പള്ളികളിലെ പ്രാർത്ഥനയ്ക്കും നിയന്ത്രണമായി .
ആൾക്കുട്ടമൊഴിവാക്കണമെന്ന നിർദ്ദേശം വന്നതോടെ പല വിവാഹങ്ങളും മാറ്റിവയ്ക്കേണ്ട സ്ഥിതിയായി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ വാഹനങ്ങളിലും റോഡുകളിലും ആളുകൾ കുറഞ്ഞു. ഡീസൽ കാശ് മുതലാക്കാൻ സ്വകാര്യ ബസുകൾ ട്രിപ്പുകൾ കുറയ്ക്കാൻ നിർബന്ധിതരായി. കെ.എസ്.ആർ.ടി.സിയും സർവീസ് വെട്ടിക്കുറച്ചു.
31വരെ തിയേറ്ററുകൾ അടച്ചിടുന്നതോടെ രാത്രിയെത്തുംമുമ്പേ മുമ്പേ നഗരം വിജനമാകും. ഹോട്ടലിൽ ചെന്നുള്ള ഭക്ഷണം ഒഴിവാക്കി പലരും ഓൺലൈൻ ബുക്കിംഗിലേയ്ക്കു മാറി . രാത്രി നഗരത്തിലെത്തുന്നവർ കുറയുന്നത് തട്ടുകടകളെയും ഓട്ടോ ടാക്സി സർവീസിനെയും ബാധിക്കും. വാങ്ങാനെത്തുന്നവർ കുറഞ്ഞതോടെ കടകൾ നേരത്തേ അടയ്ക്കാൻ നിർബന്ധിതമായി.
ക്രൈസ്തവരുടെ നൊയമ്പുകാലം കോട്ടയത്ത് മത്സ്യ മാംസ വ്യാപാരംമേഖലയെ സാരമായി ബാധിക്കാറുണ്ട്. പക്ഷിപ്പനി കൂടി ആയതോടെ കോഴി ബിസിനസ് തകർന്നു. കോഴിവില കിലോയ്ക്ക് 70 രൂപയിൽ താഴെയായി. മത്സ്യ വിപണിയിലും കച്ചവടം കുറഞ്ഞു. പച്ചക്കറി വിലയും കുറഞ്ഞിട്ടുണ്ട്.
ജില്ലകളിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾ അടച്ചു. ടൂറിസ്റ്റുകൾ കുറഞ്ഞത് ഹൗസ് ബോട്ടുകളെയും ടൂറിസ്റ്റ് ടാക്സി സർവീസിനെയും ബാധിച്ചു .ചെങ്ങളത്തുള്ളവർക്ക് കൊറോണ വൈറസ് കണ്ടെത്തിയത് സമീപസ്ഥലമായ കുമരകത്തെ ടൂറിസത്തിന് ദോഷമായി. നാടൻ ടൂറിസ പദ്ധതികളും മാറ്റിവയ്ക്കേണ്ടി വന്നു. അവധിക്കാലത്ത് വിദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ നിശ്ചയിച്ചവരുടെയും നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തവരുടെയും യാത്ര മുടങ്ങുന്ന സ്ഥിതിയാണ്.
ജനജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളെയും പിടികൂടിയ കൊറോണ മുൻകരുതൽ നീണ്ടാൽ സാമ്പത്തിക രംഗത്ത് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക.