ഈരാറ്റുപേട്ട: അഞ്ച് വർഷം മുമ്പ് തൊടുപുഴ-ഈരാറ്റുപേട്ട റോഡിൽ പണി ആരംഭിച്ച തോട്ടുമുക്ക് ബൈപ്പാസ് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു. ലക്ഷങ്ങൾ ചെലവിട്ടു കഴിഞ്ഞ ഈ ബൈപ്പാസിൽ ടാറിംഗ് പണികളും സംരക്ഷണഭിത്തി നിർമ്മാണവും മാത്രം ബാക്കി നിൽക്കേയാണ് പദ്ധതി പാതിവഴിയിൽ മുടങ്ങിയത്. നിലവിൽ റോഡ് തടി വ്യാപാരികളുടെ വ്യാപാര കേന്ദ്രമായി മാറി. നാഷണൽ പെർമിറ്റ് ലോറികളുടെ ബുക്കിംഗ് കേന്ദ്രം കൂടിയാണ് ഈ ബൈപ്പാസ്. പത്തിൽ കുറയാത്ത അന്യസംസ്ഥാന നാഷണൽ പെർമിറ്റ് ലോറികൾ ഇവിടെ ബുക്കിംഗ് കാത്ത് ദിവസങ്ങളോളം കിടക്കുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.