പാലാ: കൊറോണയ്‌ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കവുമായി പാലാ നഗരസഭ രംഗത്തിറങ്ങി.

ഇന്ന് തന്നെ ഉന്നതതല യോഗം ചേർന്ന് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കും. ഡിവൈ.എസ്.പി, ആർ.ഡി.ഒ, മെഡിക്കൽ ഓഫീസർ, വിവിധ വകുപ്പ് തലവന്മാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മാദ്ധ്യമ പ്രതിനിധികൾ തുടങ്ങിയവർ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെ ചേമ്പറിൽ ഒത്തു ചേർന്ന് മേൽ നടപടികൾ അവലോകനം ചെയ്യും.പാലായിലെ മൂന്ന് ബസ് സ്റ്റാൻഡുകളുടെ മുൻപിലും ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനം ഇന്നലെ രാത്രിയോടെ ക്രമീകരിച്ചു.

പാലായിലെ ഹോട്ടലുകളിൽ കൈ കഴുകുന്നതിനോടൊപ്പം സോപ്പ് നിർബന്ധമായും ഉപയോഗിക്കാൻ ആവശ്യപ്പെടും. ഹോട്ടൽ ഉടമകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാലായിലെ 26 വാർഡുകളിലും ബോധവത്കരണ പരിപാടികൾ നടത്തും. ഓരോ വീട്ടിലുമെത്തി ജനങ്ങളെ ബോധവത്കരിക്കാൻ ആശാ വർക്കർമാരെ നിയോഗിക്കും.

രോഗബാധയ്‌ക്കെതിരെയുള്ള സ്റ്റിക്കർ വാഹനങ്ങളിൽ പതിപ്പിക്കും. ഇന്നലെ അടിയന്തിര കൗൺസിൽ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്.