പാലാ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശിച്ചു. ലോക വ്യാപകമായി വൈറസ് പടരുന്നതിനാൽ അന്തർദേശീയ വിമാന യാത്രികർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് അഭികാമ്യമെന്ന് എം.എൽ.എ പറഞ്ഞു.

കൊറോണ പടരാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മാണി സി. കാപ്പൻ പറഞ്ഞു. കൊറോണ ബാധിത പ്രദേശത്തു നിന്നും വരുന്നവർ സ്വമേധയാ ആരോഗ്യ വകുപ്പിന്റെ സഹായം തേടണം. തങ്ങളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുരിതം ഇല്ലാതാക്കാൻ ഇതുമൂലം സാധിക്കും. വിവരങ്ങൾ മറച്ചു വച്ചാൽ സമൂഹത്തെയാകെ പ്രതികൂലമായി ബാധിക്കും. വൈറസ് ബാധയ്‌ക്കെതിരെ പ്രവർത്തിക്കാൻ ഓരോരുത്തർക്കും കടമയുണ്ടെന്നു എം.എൽ.എ ഓർമ്മിപ്പിച്ചു. എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുമെന്നും കാപ്പൻ അറിയിച്ചു. വ്യാജ പ്രചാരണങ്ങൾ ശ്രദ്ധിക്കേണ്ടതില്ല. സർക്കാർ വെബ്‌സൈറ്റുകളിലും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും സമയാസമയങ്ങളിൽ വിവരങ്ങൾ ലഭ്യമാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.