കോട്ടയം: കൊറോണയിൽ പ്രതിരോധം തീർക്കാൻ സർക്കാരും, സാധാരണക്കാരും ഒറ്റക്കെട്ടായി കൈ കോർത്തു നിൽക്കുമ്പോൾ, കക്കൂസ് മാലിന്യം അടക്കം റോഡിലേയ്‌ക്കു തള്ളുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ. ബസുകൾ സ്റ്റാൻഡിനുള്ളിലേയ്‌ക്കു പ്രവേശിക്കുന്ന വഴിയിലാണ് ഓട പൊട്ടി കക്കൂസ് മാലിന്യം റോഡിലേയ്‌ക്കു ഒഴുകിയിറങ്ങുന്നത്.
നേരത്തെ മഴക്കാലത്ത് ഈ കക്കൂസ് മാലിന്യം റോഡിലേയ്‌ക്ക് ഒഴുക്കിയിരുന്നു. ഇതിനെതിരെ നാട്ടുകാർ അടക്കമുള്ളവർ നിരവധി തവണ പരാതിപ്പെട്ടിരുന്നെങ്കിലും പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറായിട്ടില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് എം.സി റോഡിലേയ്‌ക്കു ഇറങ്ങുന്ന ഭാഗത്താണ് ഈ സെപ്റ്റിക് ടാങ്കിന്റെ മൂടി ഉള്ളത്. ഈ ടാങ്ക് തുറന്നു വച്ച ശേഷം മാലിന്യ വെള്ളം നേരെ റോഡിലേയ്‌ക്കു ഒഴുക്കി വിടുകയാണ് ചെയ്യുന്നത്.
ഇന്നലെ പുലർച്ചെ മുതൽ മാലിന്യം റോഡിലേയ്‌ക്കു തന്നെ ഒഴുക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും യാത്രക്കാരും അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരെ വരെയും മാലിന്യങ്ങൾ റോഡിലേയ്‌ക്ക് ഒഴുകുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മാലിന്യം തീയേറ്റർ റോഡിലേയ്‌ക്ക് ഒഴുക്കിയിരുന്നു. ഇതിനെതിരെ തീയേറ്റർ അധികൃതർ അടക്കമുള്ളവരും പ്രതിഷേധം ഉയർത്തിയിരുന്നു. എന്നിട്ടും ഇതുവരെയും മാലിന്യം റോഡിലേയ്‌ക്കു തള്ളുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ ചെയ്യുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പകർച്ച വ്യാധികളും ഉടലെടുക്കുമ്പോഴാണ് റോഡിലേയ്‌ക്കു മാലിന്യം കെ.എസ്.ആർ.ടി.സി അധികൃതർ തള്ളുന്നത്.