കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കോട്ടയത്തുനിന്നുള്ള രണ്ടു പേർക്കും പത്തനംതിട്ട ജില്ലയിൽനിന്ന്
ഇവിടെ എത്തിച്ച ഇവരുടെ രണ്ടു ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. നിലവിൽ പത്തുപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽനിന്നു വന്ന തിരുവാർപ്പ് സ്വദേശിനിയെയും കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒൻപതായി. കോട്ടയം ജനറൽ ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിലുണ്ട്. രോഗബാധയില്ലെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി 167പേരെ വീടുകളിൽ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.