shaji

വാഴൂർ: വീടിനുള്ളിൽ ചാരായം വാറ്റിയ ആളെ എക്‌സൈസ് സംഘം പിടികൂടി. ചാമംപതാൽ മൈലാടു പാറയ്‌ക്കു സമീപം വടക്കേ ചൂഴിക്കുന്നേൽ പി.സി ഷാജിയെയാണ് (56) എക്‌സൈസ് സംഘം പിടികൂടിയത്. ഇയാൾ വീടിനുള്ളിൽ നടത്തിവന്നിരുന്ന ചാരായം വാറ്റ് യൂണിറ്റാണു എക്‌സൈസ് എൻഫോഴ്‌സുമെന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി അനൂപും സംഘവും ചേർന്നു പിടിച്ചെടുത്തത്. കന്നാസുകളിൽ സൂക്ഷിച്ച 180 ലിറ്റർ കോട, ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവ വീടിന്റെ അടുക്കളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ചാരായം വാറ്റിയ ശേഷം പരിചയക്കാർക്കും, സ്ഥിരം കസ്റ്റമേഴ്‌സിനും മാത്രമേ നൽകിയിരുന്നുള്ളൂ. ചെറുകിട വിൽപ്പനയ്ക്കായി ചില സ്ഥിരം എജന്റുമാരേയും ഏർപ്പാടാക്കിയിരുന്നു.

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ദിവാകരനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി അനൂപ്, പ്രിവന്റീവ് ഓഫീസർ എം.എസ്. അജിത്ത്, സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എൻ സുരേഷ് കുമാർ, നിതിൻ ആർ.എസ്, പ്രസീത് പി.പി, സുജാത സി.ബി, ഡ്രൈവർ മനീഷ് കുമാർ എന്നിവർ ചേർന്നാണു പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.