കോട്ടയം: കൊറോണ ഭീതിയിൽ ആകെ തളർന്ന് ടുറിസം മേഖല. കുമരകം, മൂന്നാർ, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് സെന്ററുകളിൽ പേരിനുപോലും വിദേശികളില്ല. വടക്കേ ഇന്ത്യാക്കാർ കൂട്ടത്തോടെ എത്തുന്ന സമയമാണിത്. വിദേശത്തുനിന്ന് മാസങ്ങൾക്കു മുമ്പേ ബുക്ക് ചെയ്തവർ അത് കാൻസൽ ചെയ്യുന്നതിന്റെ തിരക്കിലാണ്. കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും ജെട്ടികളിൽ തന്നെ വിശ്രമിക്കുകയാണ്. ഈ നില തുടരാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരാഴ്ചയായി. മിക്ക റിസോർട്ടുകളും ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇതുവരെ ലക്ഷങ്ങളുടെ നഷ്ടമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത്. കൃത്യമായ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.
പിടിച്ചെണീറ്റപ്പോൾ തട്ടിവീണു
നോട്ടുനിരോധനം,ഒാഖി, പ്രളയം,നിപ്പ എന്നിവയിൽ തട്ടി തകർന്ന ടൂറിസം മേഖല ഒന്ന് കരകയറുന്നതിനിടെയാണ് കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. മികച്ച ടൂറിസം സീസണാണ് ടൂറിസ്റ്റ് വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ കൊറോണയെ ആരോഗ്യവകുപ്പ് നേരിടുന്ന രീതി ഈ മേഖലയിലുള്ളവരിൽ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെങ്കിലും പത്തനംതിട്ടയിലെ പുതിയ സംഭവ വികാസങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനുവരിയിൽ കൂടുതൽ ടൂറിസ്റ്റുകൾ കുമരകത്തും മൂന്നാറിലും എത്തിയിരുന്നു. പിന്നീടാണ് ഈ മേഖലയിൽ മന്ദത അനുഭവപ്പെട്ടത്. സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സർക്കാർ പ്രഖ്യാപിച്ചത് ടൂറിസ്റ്റ് മേഖലക്ക് തിരിച്ചടിയായി. ഇതോടെ വിനോദ സഞ്ചാരികൾ കൂട്ടമായി യാത്ര റദ്ദാക്കി. വിദേശത്തു നിന്നെത്തുന്നവരുടെ ടൂറിസ്റ്റുകളുടെ വിവരങ്ങൾ പൊലീസും ശേഖരിക്കുന്നുണ്ട്. ഏത് രാജ്യത്തു നിന്നാണ് എത്തിയത്, ഏത് വിമാനത്തിലാണ് യാത്രചെയ്തത് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് എത്തിയ ടൂറിസ്റ്റുകൾ നിരീക്ഷണത്തിലാണ്. ജൂൺ വരെയാണ് കേരളത്തിലെ ടൂറിസം സീസൺ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമേ കുമരകത്ത് എത്തിയിട്ടുള്ളൂ. മൂന്നാറിലും തേക്കടിയിലും ആലപ്പുഴയിലും ഇതേ അവസ്ഥയാണ്. കൊറോണ പടരുന്നത് തടയാനായി വിനോദയാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം സഞ്ചാരികൾ പാലിച്ചതാകാം കുറവിന് കാരണമെന്നാണ് അനുമാനം. പുന്നമടക്കായലിൽ ഹൗസ്ബോട്ടുകൾ സവാരിയില്ലാതെ കെട്ടിയിട്ടിരിക്കുകയാണ്.
വിലങ്ങുതടിയായി യാത്രാവിലക്ക്
പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം 'പൊട്ടിപ്പുറപ്പെട്ട' കൊറോണ ഭീതിയാണ് ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചത്. ഒന്നു മുതൽ ഏഴുവരെ ക്ളാസുകാർക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതും പൊതു പരിപാടികൾ റദ്ദാക്കിയതും ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ടൂറിസം മേഖലക്ക് തിരിച്ചടിയായി. കൊറോണ ബാധിത മേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകൾ എത്തിയാൽ ഏതു രാജ്യത്തുനിന്നുള്ളവരാണെന്ന് കണക്കാക്കിയാണ് പ്രവേശനം നല്കുക. കേരളത്തിൽ എത്തിയാൽ തന്നെ മറ്റ് ടൂറിസ്റ്റ് സെന്ററുകളിലേക്ക് പോവണമെങ്കിൽ കർശന പരിശോധന നടത്തേണ്ടതായി വരും. രോഗലക്ഷണങ്ങൾ കണ്ടാൽ യാത്ര തടയുകയും ചെയ്യും. ടൂറിസം മേഖലയെ കൊറോണ ബാധിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുവഴി സർക്കാരിനുണ്ടായ വരുമാന നഷ്ടം വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ.