കോട്ടയം: കോവിഡ്-19 (കൊറോണ) സ്ഥിരീകരിച്ച റാന്നി സ്വദേശിയായ ദമ്പതികളുടെ നിലയിൽ മാറ്റമില്ല. ഹൃദ്‌രോഗിയായ 91 കാരന്റെ ആരോഗ്യനില മോശമായിത്തന്നെ തുടരുന്നു. എന്നാൽ ഇയാളുടെ 85 കാരിയായ ഭാര്യയുടെ നില ഇന്ന് രാവിലെ കൂടുതൽ മോശമായി. രോഗം സ്ഥിരീകരിച്ച നാലു പേരാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.
അതേസമയം, രോഗം സ്ഥിരീകരിച്ച ചെങ്ങളംസ്വദേശികളും ഐസൊലേഷൻ വാർഡിലാണ്. ഇവർക്ക് ആരോഗ്യമുള്ളതിനാൽ വളരെവേഗം സുഖം പ്രാപിക്കുമെന്ന് ആരോഗ്യവകുപ്പ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പനിയും ചുമയുമുള്ള ഇവർക്ക് ന്യുമോണിയ ബാധിച്ചില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പഴയ സ്ഥിതിയിലെത്തും. ന്യുമോണിയ ബാധിച്ചാലാണ് പ്രശ്നം ഗുരുതരമാവുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 9 പേരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഒരാളെ കോട്ടയം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും ഇന്നലെ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽ നിന്ന് എത്തിയ തിരുവാർപ്പ് സ്വദേശിനിയെയും ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രോഗം ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള 76 പേരെകൂടി വീടുകളിൽ പാർക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 167 പേരാണ് വീടുകളിൽ നിരീക്ഷമത്തിൽ കഴിയുന്നത്. പ്രൈമറി കോൺടാക്ട് പട്ടികയിൽ പെട്ടവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം നടന്നുവരികയാണ്. മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് ശ്രമം തുടരുന്നത്. മുൻകരുതൽ എന്ന നിലയിൽ സ്വകാര്യ ആശുപത്രികൾ അടക്കം 17 ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു. കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, ചങ്ങനാശേരി, പാമ്പാടി, വൈക്കം താലക്ക് ആശുപത്രികളിലും 10 സ്വകാര്യ ആശുപത്രികളിലുമാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.