ചിങ്ങവനം: ട്രെയിനിന് മുന്നിൽ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ഓടിയത് നാലുകിലോമീറ്റർ. ഇന്ന് രാവിലെ ചിങ്ങവനത്താണ് സംഭവം. ചിങ്ങവനം സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോഴാണ് എൻജിൻ കമ്പിയിൽ കോർത്തു കിടക്കുകയായിരുന്ന മൃതദേഹം കണ്ടത്.
ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയിൽ കുറിച്ചിയിൽ വച്ച് കൊല്ലം - എറണാകുളം പാസഞ്ചർ ട്രെയിനിന്റെ മുമ്പിലേക്ക് യുവാവ് എടുത്തുചാടുകയായിരുന്നു.
എന്നാൽ, യുവാവിന്റെ മൃതദേഹം തെറിച്ചു പോയി എന്നാണ് എൻജിൻ ഡ്രൈവർമാർ കരുതിയത്. തുടർന്ന് നാലുകിലോമീറ്റ| പിന്നിട്ട് ട്രെയിൻ ചിങ്ങവനം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ യാത്രക്കാരാണ് എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടത്. അടുത്ത ബോഗികളുമായി ഘടിപ്പിക്കുന്ന ഹുക്കിൽ തല കോർത്ത നിലയിലായിരുന്നു മൃതദേഹം. ഒരു കാലിന്റെ പത്തി അറ്റുപോയിരുന്നു.
തുടർന്ന് വിവരം എൻജിൻ ഡ്രൈവർമാരെ അറിയിക്കുകയും ചിങ്ങവനം സി.എ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷനിൽ എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ട്രെയിനിനു മുന്നിൽ നിന്ന് മാറ്റി. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു. കോട്ടയം - സംഭവത്തെത്തുടർന്ന് കായംകുളം റൂട്ടിൽ അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എല്ലാ ദിവസവും 5.55 നാണ് ട്രെയിൻ കോട്ടയത്ത് എത്തേണ്ടത്. എന്നാൽ, അത്. 6.15 നാണ് ചിങ്ങവനം സ്റ്റേഷനിൽ എത്തിയത്. മൃതദേഹം നീക്കം ചെയ്ത ശേഷം 7.20 ന് ട്രെയിൻ ചിങ്ങവനം സ്റ്റേഷൻ വിട്ടു.