കോട്ടയം: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച നഗരത്തിലെ ഏക വനിതാവിശ്രമ കേന്ദ്രം വിശ്രമാവസ്ഥയിലാണ്. രാത്രിയിൽ നഗരത്തിലെത്തുന്ന വനിതകൾക്ക് വിശ്രമിക്കാനും സുരക്ഷിതമായി താമസിക്കാനും കോട്ടയം മുനിസിപ്പാലിറ്റി ആരംഭിച്ച കേന്ദ്രമാണിത്. വിശ്രമ കേന്ദ്രം അടഞ്ഞു കിടക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നതോടെ പണിപ്പെട്ട് തുറന്നെങ്കിലും അടുത്തെങ്ങും പണിപൂർത്തിയാകുന്ന ലക്ഷണമില്ല.
2009-10ലെ ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപയും ശുചിത്വ മിഷന്റെ 6 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാന സൗകര്യങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് 87,000 രൂപയും ചെലവഴിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പിനായി നോർത്ത് സി.ഡി.എസിന് കരാർ നൽകുകയും ചെയ്തു.
എന്നാൽ, ഇവരുടെ പ്രവർത്തനത്തിലെ താളപ്പിഴകൾകാരണം കേന്ദ്രം അടച്ചുപൂട്ടുകയായിരുന്നു.
തുടർന്ന്, കുടുംബശ്രീ ഹോട്ടൽ ആയി സ്ഥാപനം പ്രവർത്തിച്ചെങ്കിലും കുടിവെള്ളമില്ലാത്തതിനാൽ അതും പൂട്ടി. കിണറുണ്ടെങ്കിലും വെള്ളം ഉപയോഗയോഗ്യമല്ലായിരുന്നു. വാട്ടർ അതോറിട്ടി കുടിവെള്ള കണക്ഷൻ നൽകിയതോടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇപ്പോൾ വിശ്രമകേന്ദ്രത്തിനോടുചേർന്ന് സുഭിക്ഷ പദ്ധതിയുടെ ഭക്ഷണ വിതരണ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേടുവന്ന മോട്ടോറും കെട്ടിടത്തിന്റെ വയറിംഗും ശരിയാക്കി കഴിഞ്ഞാൽ കേന്ദ്രം ഉടൻ തുറന്നുകൊടുക്കുമെന്നാണ് മുനിസിപ്പാലിറ്റി അധികൃതർ പറയുന്നത്.
വിശ്രവും സുരക്ഷയുമുണ്ട് പക്ഷെ, വെള്ളമില്ല
ജില്ലയിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും കോളേജ്, സ്കൂൾ വിദ്യാർഥിനികളെയും ലക്ഷ്യമാക്കിയാണ് വിശ്രമകേന്ദ്രം തുടങ്ങിയത്.റെയിൽവേ സ്റ്റേഷനും സ്വകാര്യ ബസ്സ്റ്റാൻഡും അടുത്തുള്ളസ്ഥലമായതിനാൽ സ്ത്രീകൾക്ക് ഏറെ സൗകര്യപ്രദവുമായിരുന്നു. തൊട്ടടുത്തുതന്നെ പൊലീസ് എയിഡ്പോസ്റ്റ് പ്രവർത്തിക്കുന്നതിനാൽ കേന്ദ്രത്തിലെ വനിതകൾക്ക് സുരക്ഷയും ഉറപ്പായിരുന്നു. വിശ്രമകേന്ദ്രത്തിൽ നാലുമുറികളും അത്രതന്നെ ടോയ്ലറ്റുകളുമാണുള്ളത്. 12 മണിക്കൂർ വരെ പരമാവധി ഇവിടെ ചെലവഴിക്കാം. മണിക്കൂറിന് 10 രൂപയും ടോയ്ലറ്റ് സൗകര്യം മാത്രം ഉപയോഗിക്കുന്നവർക്ക് ചെറിയൊരു ഫീസുമാണ് ഈടാക്കിയിരുന്നത്.