കോട്ടയം: കൊറോണ ബാധയെക്കുറിച്ചുള്ള കടുത്ത ജാഗ്രത നഗരജീവിതത്തെയും വിപണിയെയും ബാധിച്ചു എന്നുവേണം കരുതാൻ. കടകമ്പോളങ്ങളിൽ നന്നേ തിരക്ക് കുറവാണ്. ബസ് സ്റ്റാൻഡുകളും ബസുകളും ഒഴിഞ്ഞ അവസ്ഥയിലാണ്.
കെ.എസ്.ആർ.ടി.സി ഡിപ്പോ , നാഗമ്പടം പ്രൈവറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സാധാരണ അനുഭവപ്പെടാറുള്ള തിരക്കില്ല. പത്തനംതിട്ട, ചെങ്ങന്നൂർ, കോന്നി ഭാഗത്തേയ്ക്കുള്ള ബസുകളിലെ സീറ്റുകൾ അധികവും ഒഴിഞ്ഞ് കിടപ്പാണ്.
കോട്ടയം ഡിപ്പോയിലെ കളക്ഷനിൽ രണ്ടു ലക്ഷം രൂപയുടെ ഇടിവ് ഉണ്ടായതായി അധികൃതർ പറയുന്നു. സുരക്ഷക്ക് വേണ്ടി ഉപയോഗിക്കാനുള്ള മാസ്ക്
ജീവനക്കാർക്ക് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറിനെയും കളക്ടറേയും അറിയിച്ചിട്ടുണ്ടെന്നും ഡിപ്പോ അധികൃതർ പറയുന്നു.
യാത്രക്കാരില്ലാത്തത് കാരണം പല സ്വകാര്യ ബസുകളും സർവീസ് മുടക്കുന്ന അവസ്ഥയുമുണ്ട്. വരുമാനം ഉണ്ടങ്കിലല്ലേ സർവീസ് നടത്താൻ കഴിയൂ എന്നാണ് അവർ ചോദിക്കുന്നത്. റാന്നി, കോന്നി ബസുകളിൽ പലതും രണ്ടോ മൂന്നോ യാത്രക്കാരെ കയറ്റിയാണ് സർവീസ് നടത്തുന്നത്.
കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിപണിയെയാണ്. കോടിമതയിലെ മാർക്കറ്റിൽ സാധാരണ നടക്കുന്നതിലും കുറവ് കച്ചവടമാണ് ഇന്നലെയും ഇന്നും നടന്നത്. സാധനങ്ങൾ വാങ്ങാൻ സ്ഥിരമായി എത്തുന്നവരെ പോലും രണ്ടു ദിവസമായി കാണാനില്ലെന്ന് കച്ചവടക്കാർ പറയുന്നു. പച്ചക്കറികളിൽ ചിലതിന്റെ വില കുറഞ്ഞിട്ടുണ്ട്. പക്ഷിപ്പനി കാരണം കോഴിക്കടകൾ ഇപ്പോൾ തുറക്കുന്നില്ല . മീനിനാകട്ടെ പൊള്ളുന്ന വിലയും ലഭ്യത കുറവും. അതിനാൽ മിക്കവരും ഉണക്ക മീൻ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പല ആരാധനാലങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുനക്കര ക്ഷേത്രം, ചേനപ്പാടി ക്ഷേത്രം മണർകാട് പള്ളി എന്നിവടങ്ങളിലെ പല ചടങ്ങുകളും സുരക്ഷയെ മുൻ നിർത്തലാക്കിയിട്ടുണ്ട്. തിരുനക്കരയിലെ പകൽ പൂരം ഒഴിവാക്കിയപ്പോൾ മണർക്കാട് പള്ളിയിൽ വെള്ളിയാഴ്ച ധ്യാനത്തിന് ശേഷം നൽകുന്ന കഞ്ഞിയാണ് താത്കാലികമായി ഒഴിവാക്കിയത്.