അടിമാലി: അടിമാലി ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുമിഞ്ഞ് കൂടിയ മാലിന്യം ഗ്രാമപഞ്ചായത്ത് നീക്കം ചെയ്തു.
അടിമാലി ടൗൺ ജുമാമസ്ജിദിന് സമീപത്തു നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള ഇടവഴിയോരത്തായിരുന്നു വലിയ തോതിൽ ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടിരുന്നത്.സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സമീപത്തെ വ്യാപാര ശാലകളിൽ നിന്നും ചെറിയ തോതിൽ ആരംഭിച്ച മാലിന്യ നിക്ഷേപം പിന്നീട് നിയന്ത്രണാതീതമായി തീർന്നു.മാലിന്യം മലപോലെ കുമിഞ്ഞ് കൂടിയതോടെ ദുർഗന്ധം ഉയർന്നു.ഇതോടെ മാലിന്യം നിക്ഷേപിക്കുന്നതിന്റെ രാത്രികാല സിസിടിവി ദൃശ്യങ്ങളടക്കം നവമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു.ഇതോടെ വിഷയത്തിൽ പഞ്ചായത്ത് ഇടപെടൽ നടത്തി.ചൊവ്വാഴ്ച്ച രാത്രിയിൽ പ്രദേശത്തെ മാലിന്യം പഞ്ചായത്ത് യന്ത്ര സഹായത്താൽ നീക്കം ചെയ്തു.പ്രദേശത്തിനി മാലിന്യ നിക്ഷേപം നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു.
മാലിന്യനിക്ഷേപം നടത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള അധികൃതർ ഇവിടെയെത്തി മാലിന്യനിക്ഷേപം നടത്തുന്നവർക്ക് താക്കീത് നൽകിയിരുന്നു.മാലിന്യം വലിച്ചെറിയപ്പെടാതിരിക്കാൻ സ്വകാര്യ വ്യക്തിയോട് ഇവിടെ മതിൽ നിർമ്മിക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.മാലിന്യം നീക്കം ചെയ്ത ഭാഗത്ത് മണ്ണ് നിരത്തി സ്ഥലമുടമയുടെ അനുവാദത്തോടെ ചെടികൾ നട്ട് പിടിപ്പിക്കുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണനയിൽ ഉണ്ട്.