തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സി.സി.ടിവി കാമറ സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയായി തലപ്പാറ ജംഗ്ഷൻ, പള്ളിക്കവല ഏ.ജെ ജോൺ ജംഗ്ഷൻ, പഞ്ചായത്ത് ജംഗ്ഷൻ, മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിനായി പഞ്ചായത്ത് ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപ ചെലവിൽ 8 കാമറകളാണ് സ്ഥാപിക്കുന്നത്. നാല് റോഡുകൾ സംഗമിക്കുന്ന പള്ളിക്കവലയിൽ റൊട്ടേഷൻ കാമറയാണ് സ്ഥാപിക്കുന്നത്. കൂടുതൽ കാമറ സ്ഥാപിക്കാൻ ശേഷിയുള്ള വിധം സിസ്റ്റം ആണ് ഇതിനായി ഉപയോഗിക്കുന്നത്. അടുത്ത ഘട്ടത്തിൽ പഞ്ചായത്തിലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനും തീരുമാനമായി. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സമീപകാലത്ത് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ ശല്യം, കഞ്ചാവ് മാഫിയകൾ, അപകടത്തിൽ പെടുന്ന വാഹനം നിറുത്താതെ പോകുന്നത്, മാലിന്യ നിക്ഷേപം, തുടങ്ങിയ കുറ്റകൃത്യം കൂടിയ സാഹചര്യത്തിലാണ് കാമറ സ്ഥാപിക്കാനുള്ള തീരുമാനം പഞ്ചായത്ത് എടുത്തത്. ഈ മാസം അവസാന വാരത്തോടെ ഉദ്ഘാടനം നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.