പാലാ : ചക്കാമ്പുഴ ഗ്രാമത്തിലെ വഞ്ചിന്താനത്ത് വീട്ടമ്മ മരിച്ചപ്പോൾ കൊറോണ ജാഗ്രത നിർദ്ദേശമടങ്ങിയ ബോർഡ് വീട്ടിൽ സ്ഥാപിച്ച് കുടുംബാംഗങ്ങൾ മാതൃകയായി.
വഞ്ചിന്താനത്ത് പരേതനായ വി.എൽ.തോമസിന്റെ ഭാര്യ അച്ചു തോമസ് (84)ആണ് ഇന്നലെ രാവിലെ മരിച്ചത്. സംസ്‌കാര നടപടികൾ ഒരുക്കുന്നതിനൊപ്പം മകൻ ജെയ്‌മോൻ കൊറോണ ജാഗ്രതാ നിർദ്ദേശമടങ്ങിയ ബോർഡ് വീട്ടുവളപ്പിൽ സ്ഥാപിക്കുകയായിരുന്നു.
'സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യസുരക്ഷയെ മാനിച്ച് മൃതദേഹത്തിൽ ചുംബിക്കാതെ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. പരസ്പരം ഹസ്തദാനം,ആശ്ലേഷം എന്നിവ ഒഴിവാക്കുക.ഇവിടെ ഹാൻഡ് വാഷ്,ഹാൻഡ് സാനിറ്റൈസർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്' എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ചടങ്ങിൽ പങ്കെടുത്തവർ സുരക്ഷാ മുൻകരുതലുകൾ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.