കോട്ടയം: പള്ളിക്കത്തോട് നാടൻ തോക്കുണ്ടാക്കിയ സംഭവത്തിൽ പിടിയിലായ പ്രതികൾ പത്തു വർഷത്തിനിടെ വിറ്റത് നൂറിലേറെ തോക്കുകൾ. ഈ തോക്കുകൾ ഉപയോഗിച്ചിരുന്നവരിൽ ഏറെയും സാമൂഹ്യ വിരുദ്ധരും ക്രിമിനലുകളും. തോക്കുണ്ടാക്കാൻ ഇവർ പാരമ്പര്യമായി പഠിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തതോടെ ഇതുവരെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബി.ജെ.പി നേതാവ് മുക്കാളി കദളിമറ്റം വീട്ടിൽ കെ.എൻ വിജയനെയും, ചെങ്ങന്നൂർ മാന്നാർ സ്വദേശിയായ ലിജോയെയുമാണ് ഇന്നലെ അറസ്റ്റ് ചെയ്‌തത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനു സമീപം ആല നടത്തുന്ന തട്ടാമ്പറമ്പിൽ മനേഷ് കുമാർ (43), സഹോദരൻ രാജൻ (50), ആനിക്കാട് കൊമ്പിലാക്കൽ ബിനീഷ് കുമാർ (34), ളാക്കാട്ടൂർ വട്ടോലിൽ രതീഷ് ചന്ദ്രൻ (38) എന്നിവരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. ഇവരിൽ നിന്നും അടുത്തിടെ തോക്ക് വാങ്ങിയ 15 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിജയനെ ഇന്നെലെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും പൊലീസ് റിവോൾവർ പിടിച്ചെടുത്തിട്ടുണ്ട്. തടിയിൽ തീർത്ത പിടിയോടു കൂടിയുള്ള തോക്കാണ് പിടിച്ചെടുത്തിരിക്കുന്നത്. പശുവിന്റെയോ, കാളയുടെയോ കൊമ്പ് ഉപയോഗിച്ചാണ് റിവോൾവറിന്റെ പിടിയുടെ ഭാഗം ഉണ്ടാക്കിയിരിക്കുന്നത്. 12,000 രൂപയ്‌ക്കാണ് തോക്ക് വാങ്ങിയതെന്നും വിജയൻ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

കൂലിപ്പണി അടക്കമുള്ള വിവിധ ജോലികൾക്കു പോയിരുന്ന ബിനീഷാണ് തോക്കിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാരെ കണ്ടെത്താനും, സംസാരിക്കാനും തുക തീരുമാനിക്കുന്നതും അടക്കമുള്ളവ ചെയ്‌തിരുന്നത് ബിനീഷായിരുന്നു. ഇത്തരത്തിൽ ഇവർ തോക്ക് വിൽപ്പന നടത്തിയ മാന്നാർ സ്വദേശിയെ ഇന്നലെ മാന്നാറിൽ നിന്നും പള്ളിക്കത്തോട് സ്റ്രേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ പള്ളിക്കത്തോട്ടിൽ എത്തിച്ചു. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.