കോട്ടയം: കൊറോണക്കൊപ്പം സാധാരണക്കാരെ വിറപ്പിച്ച് 'കരക്കമ്പിയും 'പടരുന്നു.

വ്യാജവാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അരഡസനോളം പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടും പുത്തൻ കഥകൾ തലങ്ങും വിലങ്ങും പ്രചരിക്കുകയാണ്

ഇറ്റലിയിൽ നിന്നു കൊറോണയുമായി വന്നവരും അവരെ വിമാനത്താവളത്തിൽ ചെന്നു സ്വീകരിച്ചു കൊണ്ടു വന്നവരും ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ കോട്ടയം,പത്തനംതിട്ട ജില്ലകളിൽ പലയിടങ്ങളിലും കറങ്ങിയിരുന്നു. ഇതിന്റെ റൂട്ട് മാപ്പ് സദുദ്ദേശ്യത്തോടെ പത്തനംതിട്ട കളക്ടർ പ്രസിദ്ധീകരിച്ചതിന് പിറകേയാണ് പേടിപ്പെടുത്തുന്ന പുതിയ കഥകൾ പ്രചരിക്കുന്നത്.

1

ചെങ്ങളത്തു നിന്ന് നെടുമ്പാശേരിയിൽ പോയ ദമ്പതികളും കുട്ടിയും പനി ബാധിച്ചതോടെ തിരുവാതുക്കലുള്ള ക്ലിനിക്കിൽ പരിശോധനയ്ക്ക് മാർച്ച് മൂന്നിനും ആറിനും എത്തിയിരുന്നു. കളക്ടർ ഇടപെട്ട് ക്ലിനിക്ക് അടപ്പിച്ചതിന് പുറമേ ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ് . മാർച്ച് മൂന്നു മുതൽ ക്ലിനിക്ക് അടപ്പിച്ച പത്തുവരെ ഇവിടെ ചികിത്സയ്ക്ക് എത്തിയവരെയും നിരീക്ഷണത്തിലാക്കുമെന്ന് കരക്കമ്പി പ്രചരിച്ചതോടെ ക്ലിനിക്കിൽ വന്നവർ മാത്രമല്ല തിരുവാതുക്കൽ കവലയ്ക്ക് സമീപമുള്ള വീട്ടുകാരും സ്ഥാപനമുടമകളുമെല്ലാം പരിഭ്രാന്തിയിലാണ്. ചെങ്ങളവും തിരുവാതുക്കലും അതോടെ ഹോട്ട് പോയിന്റുമായി.

2

റാന്നിയിൽ നിന്ന് കോട്ടയത്തേയ്ക്കും കോട്ടയത്ത് കഞ്ഞിക്കുഴിയിൽ നിന്ന് റാന്നിയിലേയ്ക്കും തച്ചിലേത്ത് , മഹനീയം എന്നീ സ്വകാര്യ ബസുകളിൽ കോറോണ ബാധിതർ സഞ്ചരിച്ചിരുന്നു. കഞ്ഞിക്കുഴിയിൽ ഒരു ടെക്സറ്റയിൽസിലും കോട്ടയം നഗരത്തിൽ ഒരു ഹോട്ടലിലും പുതുതായാരംഭിച്ച ഒരു മാളിലും ഇവർ കയറിയതോടെ ഇവിടങ്ങളിൽ വന്നു പോയവരെയും കൊറോണ ബാധിതരായി ഭയപ്പെടുത്തുന്ന കരക്കമ്പി വ്യാപിച്ചു തുടങ്ങി.

3

യാത്രക്കിടയിൽ കുറിച്ചിയിലെ ബന്ധുവീട്ടിൽ ഇവർ തങ്ങിയിരുന്നു . അതോടെ കുറിച്ചിയിലെ ബന്ധുക്കളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി പ്രചാരണമായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുറിച്ചിയിലെ വീട്ടിൽ പരിശോധന നടത്തി വ്യാജ പ്രചാരണമെന്ന പത്രക്കുറിപ്പിറക്കിയിട്ടും കൊറോണ തുടർ കഥ അവസാനിച്ചിട്ടില്ല .

4

മാർച്ച് 31 വരെ വിദേശ മദ്യ വിൽപ്പന ശാലകൾ അടച്ചിടുമെന്ന് ചാനൽ ക്ലിപ്പിംഗോടെ വാർത്ത പ്രചരിപ്പിച്ചതോടെ മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യാൻ വൻ തിരക്കായി. വ്യാജ വാർത്തക്കെതിരെ ചാനലുകാർ അപകീർത്തികേസുമായി നീങ്ങുകയാണിപ്പോൾ .

5

യൂണിസെഫിന്റെയും പ്രമുഖ സംഘടനകളുടെയും ഡോക്ടർമാരുടെയും പേരിൽ ഓരോ ദിവസവും ഇറങ്ങുന്ന കൊറോണ നിർദ്ദേശങ്ങളും വ്യാജമെന്നും തെളിഞ്ഞതോടെ കൊറോണ 'കരക്കമ്പി പ്രചാരണം 'എന്നവസാനിക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്നതെല്ലാം സത്യമെന്നു വിശ്വസിക്കുന്ന സാധാരണക്കാർ.