പൊൻകുന്നം : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത് പേരിന് മാത്രമെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു മാസമായി മൊബൈൽ റിക്കവറി വാൻ ഡിപ്പോയിൽ റിവേഴ്‌സ് ഗിയർ തകരാറിലായി കിടക്കുകയാണ്. എരുമേലി, ഈരാട്ടുപേട്ട, കൂത്താട്ടുകുളം, കോട്ടയം എന്നീ ഡിപ്പോകളിൽ പോയി തിരിച്ചു വരേണ്ടതാണ് മൊബൈൽ വാൻ. സർവീസ് പോകേണ്ട ബസുകൾ വൃത്തിയാക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. കോഴിക്കോടിനുള്ള ആർ.എം.പി. 122 ബസിന്റെ വലതുവശം പിൻഭാഗത്തെ ടയർ പൂർണമായും കരിഓയിലിൽ മുങ്ങിയിരിക്കുകയാണ്. ഓട്ടത്തിനിടയിൽ ഓയിൽ ഡ്രമ്മിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ ബ്രേക്കിന് തകരാറുണ്ടാകുമെന്നും ജീവനക്കാർ പറഞ്ഞു. വാഹനങ്ങൾ കഴുകി വൃത്തിയാക്കാൻ വൈകുന്നെന്ന ആരോപണവുമുണ്ട്.