കോട്ടയം: പാറമ്പുഴ സ്വദേശിയായ വീട്ടമ്മയെയും മകളെയും കബളിപ്പിച്ച് 13 ലക്ഷം രൂപയും17 പവനും തട്ടിയെടുത്തെന്ന പരാതിയിൽ ഫിനാൻസ് സ്ഥാപന ഉടമ തിരുനക്കര തുഷാരം വീട്ടിൽ ദേവദാസിനും ഭാര്യ ശാലിനിക്കുമെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. പരാതിക്കാരുടെ വീടിന്റെ ജപ്‌തി ഇന്ന് നടക്കാനിരിക്കെയാണ് പരാതിയുമായി എത്തിയത്.
2017 ൽ ബന്ധു നൽകിയ സ്ഥലം വിറ്റ് 40 ലക്ഷം രൂപ വീട്ടമ്മയ്ക്കും മകൾക്കും ലഭിച്ചിരുന്നു. വിൽപ്പനയ്ക്ക് ഇടനില നിന്നത് ദേവദാസ് ആയിരുന്നു. ഈ തുകയിൽ നിന്നാണ് 23 ലക്ഷം രൂപ രണ്ടു ദിവസത്തെ അവധിയ്ക്ക് ദേവദാസ് കൈപ്പറ്റിയത്. ഇതിൽ മൂന്നു ലക്ഷം രൂപയ്ക്കുള്ള രേഖകൾ ദേവദാസ് കുടുംബത്തിനു കൈമാറിയിരുന്നു. പല തവണയായി പത്തു ലക്ഷം രൂപയും തിരികെ നൽകി. ഇനി 13 ലക്ഷം രൂപയും 17 പവൻ സ്വർണവും നൽകാനുണ്ടെന്നാണ് പരാതി.
ഇവരുടെ തിരുനക്കരയിലുള്ള സ്ഥലം ഈടുവച്ച് വായ്പയെടുത്തിരുന്നു. കുടിശികയായതോടെ ഇന്ന് ജപ്തി നടക്കാനിരിക്കയാണ്.